കോഴിക്കോട്: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് നടി പാർവതി തിരുവോത്ത്. പാർവതി മത്സരിക്കുന്നുവെന്നത് സംബന്ധിച്ച ഒരു മാധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

“അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം ലേഖനങ്ങൾ നൽകുന്നത് ലജ്ജാവഹമാണ്. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാൻ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നു,”

parvathy

ആനുകാലിക വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയാനുള്ള ആർജവം കാണിക്കുന്ന താരമായതിനാൽ പാർവതിയെ മത്സരിപ്പിച്ചാൽ യുവാക്കളുടെ പിന്തുണ ഉറപ്പാക്കാം എന്ന ഉദ്ദേശ്യത്തോടെ ഇടതുമുന്നണിയിൽ നീക്കങ്ങൾ നടക്കുന്നുവെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത പാർവതി പൂർണമായും നിഷേധിക്കുകയാണ്.

അടുത്തിടെ, കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പാർവതിയുടെ പ്രസ്താവന നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. താൻ കർഷകർക്കൊപ്പമാണെന്ന് തന്നെയായിരുന്നു പാർവതിയുടെ നിലപാട്.

Read More: അമ്മ യോഗത്തിലെ ഇരിപ്പ് വിവാദം; രചന നാരായണൻകുട്ടിയുടെ മറുപടി

കർഷക സമരത്തെ വിമർശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമെന്നും കർഷകരുടെ സമരത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാവില്ലെന്നും പറഞ്ഞ പാർവതി എല്ലാ രീതിയിലും കർഷകരുടെ കൂടെയാണെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, പാര്‍വതി നായികയാകുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12 ന് റിലീസ് ചെയ്യും. സിദ്ധാർഥ് ശിവയാണ് സംവിധാനം. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.