തിരുവനന്തപുരം: ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ട് പോകാനുളള പി.സി ജോര്‍ജ് എംഎല്‍എയുടെ തീരുമാനത്തില്‍ ജനപക്ഷം പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാകുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.സി ജോര്‍ജിന്റെ തീരുമാനത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു. ഏകപക്ഷീയമായ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് എക്സിക്യൂട്ടീവ് യോഗത്തിനെത്തിയ അംഗങ്ങളില്‍ ഭൂരിപക്ഷവും നിലപാടെടുത്തു.
എന്നാല്‍ ഇരുമുന്നണികളും ഒഴിവാക്കിയതിനാല്‍ എന്‍എഡിഎയുമായി ചേര്‍ന്നേ പറ്റൂവെന്ന് യോഗത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി. ബിജെപിയുമായുളള സഖ്യം പാര്‍ട്ടിക്ക് ദോഷം മാത്രമെ ചെയ്യുകയുളളുവെന്നായിരുന്നു അംഗങ്ങളുടെ അഭിപ്രായം. നിയമസഭയിൽ ശബരിമല വിവാദത്തിൽ ബിജെപി എംഎൽഎ ആയ ഒ.രാജഗോപാലുമായി ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് പി.സി.ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. വരും നാളുകളിൽ മറ്റ് വിഷയങ്ങളിലും ഇരുവരും ഒരുമിച്ച് തന്നെയാകും മുന്നോട്ട് പോവുക.
ഇക്കാര്യത്തിൽ വരും നാളുകളിൽ തീരുമാനം എടുക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന നിയമസഭയിൽ എൽഡിഎഫിനും യുഡിഎഫിനും പുറമെ ബിജെപിയുടെ നേതൃത്വത്തിൽ പുതിയ മുന്നണിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംസ്ഥാന നിയമസഭ സമ്മേളനത്തിൽ ബിജെപിയുടെ അംഗമായ ഒ.രാജഗോപാലും പി.സി.ജോർജും ഇന്ന് കറുപ്പുടുത്താണ് എത്തിയത്. ശബരിമലയിൽ ഭക്തരുടെ നിലപാട് അംഗീകരിക്കണമെന്നും സ്ത്രീപ്രവേശന വിധിയിൽ സർക്കാർ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഈ തരത്തിൽ കറുപ്പുടുത്തതെന്ന് ഇരുവരും വ്യക്തമാക്കി.
“ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് ഹൈന്ദവ സമൂഹമാണ്. അവരോടുളള പ്രതിബദ്ധതയാണ് ഇപ്പോഴുള്ള വേഷം,” പി.സി.ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ ഇന്നത്തെ യോഗത്തിന് ശേഷം സഭയിൽ തന്റെ ഇരിപ്പിടം ഒ.രാജഗോപാലിന് ഒപ്പമാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ക്ക് മറ്റാരും അധികാരത്തിൽ വരരുതെന്ന തീരുമാനമാണ് ഉളളതെന്ന് പി.സി.ജോർജ് പറഞ്ഞു. “ബിജെപി മാത്രം വർഗ്ഗീയ ഫാസിസ്റ്റ് ആകുന്നത് എങ്ങിനെയാണ്? കോൺഗ്രസും സിപിഎമ്മും വർഗ്ഗീയ പാർട്ടികളാണ്,” എന്നും പൂഞ്ഞാർ എംഎൽഎ പറഞ്ഞു.