തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടുന്നതിനിടെ മന്ത്രിസഭയിൽ നിന്ന് തൽക്കാലം മാറി നിൽക്കാമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനം അംഗീകരിക്കുന്നതായി സിപിഐ. എന്നാല്‍ മന്ത്രി ഉപാധികള്‍ മുന്നോട്ട് വെച്ചാല്‍ അംഗീകരിക്കില്ലെന്ന് സിപിഐ വ്യക്തമാക്കി.

തത്കാലം മാറി നില്‍ക്കാമെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല നിലപാട് സമ്പാദിച്ചാല്‍ തിരിച്ച് മന്ത്രിസഭയിലെത്താമെന്നാണ് ചാണ്ടിയുടെ മോഹം. ഇത് അദ്ദേഹം മുഖ്യമന്ത്രിക്ക് മുമ്പില്‍ ഉപാധിയായി വെച്ചതായാണ് വിവരം.

എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് കാട്ടി സിപിഐയുടെ നാല് മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നിയമസഭാകക്ഷി നേതാവായ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് മന്ത്രിമാർ മുഖ്യമന്ത്രിയെ കാണുക. രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നിരുന്നു. സെക്രട്ടറിയേറ്റിൽ എത്തിയ മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ എന്നിവർ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പറിയിച്ച് വിട്ടുനിൽക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ