തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ ഷൊർണ്ണൂർ എംഎൽഎ പി.കെ ശശി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും സിപിഎം സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് ശശിയെ പാര്‍ട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്. സിപിഎം സംസ്ഥാനകമ്മിറ്റിയിൽ ആണ് നടപടി ഉണ്ടായത്.
അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പരിഗണിച്ചാണ് സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന കമ്മിറ്റിയും നടപടി എടുത്തത്. ഡി വൈ എഫ്ഐ പ്രവര്‍ത്തകയായ യുവതിയോട് പി.കെ ശശി ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശശിയെ സസ്പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങിയ കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം എൽ എയുമായ പി .കെ ശശി പാർട്ടിപ്രവർത്തകയോട് പാർട്ടി നേതാവിന് യോജിക്കാത്തവിധം സംഭാഷണം നടത്തിയെന്ന കണ്ടെത്തിയതിനെ തുടർന്നാണ് ആറ് മാസത്തേയ്ക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് സി പി എം സംസ്ഥാനകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ തീരുമാനം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുമെന്നും സി പി എം അറിയിച്ചു.
പരാതി പുറത്തുവന്നതിന് പിന്നില്‍ വിഭാഗീയതയാണെന്ന എ.കെ ബാലന്റെ ആരോപണം കമ്മീഷന് അംഗമായ പി.കെ ശ്രീമതി തള്ളി. വിഭാഗീയതയെ തുടര്‍ന്നാണ് പരാതി പുറത്തുവന്നതെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. ഫോണിലൂടെ അപമര്യാദയായി സംസാരിച്ചെങ്കിലും അത് ലൈംഗികാതിക്രമത്തില്‍ പെടില്ലെന്നും കമ്മീഷന് ചൂണ്ടികാട്ടി. പാർട്ടി എടുക്കുന്ന ഏത് നടപടിയും അനുസരിക്കുമെന്ന് ശശി പറഞ്ഞിരുന്നു. പാർട്ടി തന്റെ ജീവന്റെ ഭാഗമെന്നും ശശി പറഞ്ഞു