തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കെപിസിസി ആസ്ഥാനത്ത്  പതാക ഉയർത്തുന്നതിനിടെ പാർട്ടി പ്രവർത്തകരെ ശകാരിച്ച് നേതാക്കൾ.  പതാക കയറിൽ കുടുങ്ങി ഉയരാതിരുന്നതോടെ നേതാക്കൾ അക്ഷമരായി. ഏറെ ശ്രമിച്ചും പതാക ഉയർത്താനായില്ല. ഇതോടെ ക്ഷുഭിതരായ നേതാക്കൾ അവിടെയുണ്ടായിരുന്ന പ്രവർത്തകർക്കെതിരെ തിരിയുകയായിരുന്നു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണു പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്.  എത്ര ശ്രമിച്ചിട്ടും കൊടി ഉയർന്നില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു നേതാക്കളും അക്ഷമരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പതാക നേരെ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കയറില്‍ കുടുങ്ങി പതാക ഉയരാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് താരണം. ശരിയായ വിധത്തിലായിരുന്നില്ല പതാക കെട്ടിയിരുന്നത

Read Also: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ

സേവാദൾ പ്രവർത്തകരാണ്‌ പതാകയും മറ്റും സജ്ജീകരിച്ചിരുന്നത്‌. മാധ്യമങ്ങൾ തയാറായിനിന്ന്‌ മിനുട്ടുകൾ കഴിഞ്ഞിട്ടും കൊടി ഉയർത്താൻ പറ്റാതായതോടെ നേതാക്കൾ ക്ഷുഭിതരായി. സേവാദൾ പ്രവർത്തകരെ ശകാരിച്ചശേഷം നേതാക്കൾ ആസ്ഥാനത്തിന്‌ അകത്തേക്ക്‌ പോകുകയായിരുന്നു. കൊടി കുടുങ്ങിയതോടെ മാധ്യമങ്ങളെ തടയാനും ശ്രമമുണ്ടായി. സേവാദൾ പ്രവർത്തകരാണ് മാധ്യമങ്ങളെ തടയാൻ ശ്രമിച്ചത്.

പതാക കുടുങ്ങിയത് കണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി സേവാദൾ പ്രവർത്തകരോട് ദേഷ്യപ്പെട്ടു. കോൺഗ്രസിന്റെ കൊടി എങ്ങനെ കെട്ടണമെന്ന് അറിയില്ലെങ്കിൽ അത് അറിയാവുന്നവരെ ഏൽപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസിന്റെ കൊടി നേരാവണ്ണം കെട്ടാൻ പറ്റാത്തത് നാണക്കേടാണെന്ന് മറ്റ് നേതാക്കളും പറഞ്ഞു. ഏറെ നേരം പണിപ്പെട്ടിട്ടും കൊടി ഉയർത്താൻ നേതാക്കൾക്ക് സാധിച്ചില്ല.

Read Also: ഞങ്ങളുടെ ചുമ്മ ചുമ്മ സമയങ്ങൾ; ഗോപി സുന്ദറും അഭയ ഹിരൺമയിയും

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134-ാം സ്ഥാപക ദിനമാണിന്ന്. പാര്‍ട്ടിക്ക് നഷ്ടമായ ബഹുജനാടിത്തറ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധി ഇന്ന് അസാം സന്ദര്‍ശിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസാമില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികള്‍ക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം വഹിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.