തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പ് ശക്തമായ മഴയോടും പ്രകൃതി ദുരന്തങ്ങളോടും മല്ലിട്ട കേരളമിന്ന് കടുത്ത ചൂടില്‍ പൊള്ളുകയാണ്. ഓരോ ദിവസവും സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ എസ് ഡി എം എ) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ ചില മേഖലകളില്‍ ഹീറ്റ് ഇന്‍ഡക്സ് 54 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരീക്ഷ താപനിലയുടെയും ഹുമിഡിറ്റിയുടേയും സംയോജിത ഫലമായി ഒരാൾ അനുഭവിക്കുന്ന ചൂടാണ് ഹീറ്റ് ഇൻഡക്സായി കണക്കാക്കുന്ന. പല രാജ്യങ്ങളും പൊതുജനാരോഗ്യ മുന്നറിയിപ്പുകൾ നൽകുന്നതിന് ഹീറ്റ് ഇന്‍ഡക്സ് ഉപയോഗിക്കുന്നു.
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തും ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും 54 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പ്രധാന മേഖലകളില്‍ വ്യാഴാഴ്ച 45-54 ഡിഗ്രി സെൽഷ്യസാണ് ഹീറ്റ് ഇന്‍ഡക്സ്.
കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ 40-45 ഡിഗ്രി സെൽഷ്യസാണ് ഹീറ്റ് ഇന്‍ഡക്സ്.
ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് ഹീറ്റ് ഇന്‍ഡക്സ് 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ.
സാധാരണയായി കടുത്ത ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഹീറ്റ് ഇന്‍ഡക്സ് 30-40 ഡിഗ്രി സെല്‍ഷ്യസാണ്.
സംസ്ഥാനത്ത് ചൂട് കനക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.