തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓർഡിനൻസിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. മെഡിക്കൽ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് റീജണല്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായുള്ള ഭരണസംവിധാനം ഏര്‍പ്പെടുത്താനാണ് സർക്കാർ തീരുമാനം. കോളേജ് എറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഹഡ്‌കോയ്ക്ക് മെഡിക്കൽ കോളേജ് നല്‍കാനുള്ള വായ്‌പ കുടിശിക സര്‍ക്കാര്‍ നേരത്തെ അടച്ചു തുടങ്ങിയിരുന്നു.

Read More: “ഹാരിസൺ കേസ് പരാജയപ്പെട്ടാൽ അത് ഇടതുപക്ഷ സർക്കാരിന്റെ വീഴ്‌ച മാത്രം” മുൻ ഗവ: പ്ലീഡർ സുശീലാഭട്ട്

ഹഡ്കോയ്ക്ക് നൽകാനുളള 262 കോടി രൂപ 8 തവണകളായി 2019 മാർച്ചിനു മുൻപ് നൽകാനാണ് സർക്കാർ പ്രതിനിധികളും ഹഡ്കോ അധികൃതരും തമ്മിൽ ധാരണയായത്. 1994-95ലാണ് 46.5 കോടി രൂപ പരിയാരം മെഡിക്കല്‍ കോളേജിന് വേണ്ടി സഹകരണ ഹോസ്​പിറ്റല്‍ കോംപ്ലക്‌സ് സൊസൈറ്റി ഹഡ്‌കോയില്‍നിന്ന് വായ്‌പയെടുത്തത്. പലിശയും പലിശയ്ക്കുമേല്‍ പലിശയുമടക്കം 700 കോടിയോളം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഹഡ്‌കോ നിയമനടപടി സ്വീകരിച്ചു. തുടർന്ന് ആശുപത്രി സൊസൈറ്റിയും സംസ്ഥാന സര്‍ക്കാരും തിരിച്ചടവ് തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 262 കോടി രൂപ അടച്ചാല്‍ ബാധ്യത ഒഴിവാക്കാം എന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.

Read More: “ഭൂമി ഏറ്റെടുക്കുന്നെങ്കിൽ നഷ്ടപരിഹാരം വേണം” ഹാരിസൺ, “ക്രിമിനൽ കേസാണ് വേണ്ടത്” സുശീല ഭട്ട്

ഇതിനുപിന്നാലെ കോളേജും ആശുപത്രി കോംപ്ലക്‌സും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതി ഹഡ്‌കോ അധികൃതരുമായി ചര്‍ച്ച നടത്തി തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങളില്‍ കരാറിലെത്തുകയും ചെയ്തു. 119 ഏക്കര്‍ സ്ഥലവും കെട്ടിടസമുച്ചയങ്ങളുമടക്കം 2000 കോടിയോളം രൂപയുടെ ആസ്തിയാണ് പരിയാരം മെഡിക്കല്‍ കോളേജിനുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ