കൊച്ചി: വടക്കന്‍ പറവൂരില്‍ 10 വര്‍ഷമായി കുട്ടികളെ രക്ഷിതാക്കള്‍ തടങ്കലില്‍ ആക്കിയ സംഭവത്തില്‍ നടപടി. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ദിവ്യശക്തിയുണ്ടെന്നായിരുന്നു രക്ഷിതാക്കളുടെ വാദം.

രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുന്നവരല്ലെന്നും കുട്ടികള്‍ക്ക് ദിവ്യശക്തി ഉള്ളതിനാല്‍ പുറത്ത് വിടാനാവില്ല എന്നുമായിരുന്നു ഇവരുടെ നിലപാട്. കുട്ടികളെ സ്‌കൂളില്‍ വിടില്ലെന്നാണ് കുട്ടികളുടെ പിതാവിന്റെ നിലപാട്. തഹസില്‍ദാര്‍ വീട്ടിലെത്തി മാതാപിതാക്കളെയും കുട്ടികളെയും കണ്ടു. അറബ് രാഷ്ട്രങ്ങളിലെ സിലബസ് പ്രകാരം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് പറയുന്നത്. അതേസമയം, തങ്ങള്‍ വീട്ടുതടങ്കലില്‍ അല്ലെന്ന് കുട്ടികള്‍ പറഞ്ഞു. മാതാപിതാക്കള്‍ പുറത്തുകൊണ്ടുപോകാറുണ്ട്. വീട്ടില്‍ പഠിപ്പിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞു.

വിശ്വാസത്തിന്‍റെ പേരിലാണ് ക‍ഴിഞ്ഞ 10 വര്‍ഷമായി തന്‍റെ കുട്ടികളെ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ പിതാവ് തടഞ്ഞുവെച്ചിരിക്കുന്നത്. ലത്തീഫിനും ഭാര്യയ്ക്കുമെതിരെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസെടുത്തിരുന്നു. പന്ത്രണ്ടും ഒമ്പതും ആറും വയസ്സുള്ള തങ്ങളുടെ മക്കളെയാണ് ക‍ഴിഞ്ഞ 10 വര്‍ഷമായി വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ചിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇതുവരെ സ്ക്കൂളില്‍ പോകാന്‍ അനുവദിച്ചിട്ടില്ല. അയല്‍വാസികളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ട് ക‍ഴിഞ്ഞിരുന്ന ലത്തീഫിന്‍റെ കുടുംബത്തെക്കുറിച്ച് സംശയം തോന്നിയ നാട്ടുകാര്‍ ചൈല്‍ഡ് ലൈനിനെയും പോലീസിനെയും നേരത്തെ വിവരമറിയിച്ചിരുന്നു. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ അന്ന് നടപടിയെടുക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല.

വിശ്വാസത്തിന്‍റെ പേരിലാണ് ഇതെല്ലാമെന്ന് പിതാവ്  സമ്മതിക്കുന്നുണ്ട്. തനിക്ക് ദിവ്യത്വം കിട്ടിയിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ്      അദ്ദേഹത്തിന്റെ അവകാശവാദം. സ്ക്കൂളില്‍ പോയാല്‍ കുട്ടികള്‍ ചീത്തയാവുമെന്നാണ്  പിതാവിന്റെ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.