കൊച്ചി: യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിന് പിന്നിൽ സംഘടിതമായ ഗൂഢാലോചനയുണ്ടെന്ന് പൊലീസ്. ഗൾഫിലേക്ക് കൊണ്ടുപോയത് ഭീകരസംഘടനയ്ക്ക് വിൽക്കാനാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഭീകരവാദ ആരോപണം വന്നതോടുകൂടി സംഭവം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

“വടക്കൻ കേരളത്തിലും കർണ്ണാടകയിലുമായി ഏതാണ്ട് പത്തോളം പേരെ ഞങ്ങൾ ഈ കേസിൽ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെംഗലൂരുവിൽ നിന്നുള്ള ഒരു സ്ത്രീയും കേരളത്തിൽ നിന്നുള്ള രണ്ട് അഭിഭാഷകരും ഉണ്ട്. ഇവരെ ഉടൻ പിടികൂടും,” അന്വേഷണ സംഘത്തിലുള്ള ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയെ പ്രണയിച്ച് വശത്താക്കിയ ശേഷമാണ് മതംമാറ്റാനുള്ള സംഘടിത ഗൂഢാലോചന നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസിൽ പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് ജമാല്‍ (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരെ പൊലീസ് അപ്രതീക്ഷിതമായാണ് പിടികൂടിയത്. ഇരുവരും ഒളിക്കാനുള്ള നീക്കം നടത്തുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു അറസ്റ്റ്. ” ഇവർക്കെതിരെ യുഎപിഎ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.” എറണാകുളം റൂറല്‍ എസ്‌പി എവി ജോര്‍ജ് പറഞ്ഞു. യുഎപിഎക്ക് പുറമേ കുറ്റക്കാരായ ഗൂഡാലോചനയ്ക്കുള്ള ഐപിസി 120ബിയും ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഇരുവരെയും ഇന്നലെ തന്നെ റിമാന്റ് ചെയ്തിരുന്നു. യുവതിയെ പറവൂരിലെ വീട്ടിൽ ആറ് മാസത്തോളം തടവിൽ പാർപ്പിച്ചിരുന്നതായാണ് കണ്ടെത്തൽ പിന്നീടാണ് ഇവരെ സൗദി അറേബ്യയിലേക്ക് കടത്തിയത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് വിൽക്കാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കേസ് എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതകൾ ഉണ്ട്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണമാണ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കാനുള്ള സാധ്യതകളിലേക്ക് എത്തിച്ചിരിക്കുന്നത്.

സൗദി അറേബ്യയിൽ എത്തിച്ച ശേഷം വിവാദ മുസ്ലിം മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ നിരന്തരം യുവതിയെ കേൾപ്പിച്ചിരുന്നതായാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മുസ്ലിം മതത്തിലേക്ക് മതം മാറ്റിയ യുവതിയെ സിറിയയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി മാനസികമായി പ്രാപ്തയാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ ഇക്കാര്യത്തിലെ നിഗമനം.

സൗദിയിലെത്തിയ ശേഷമാണ് തന്നെ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് വിൽക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന സംശയം യുവതിക്കുണ്ടായത്. പിന്നീട് ഇവിടെ നിന്നും ചാടി പുറത്തുകടക്കുകയായിരുന്നു. ഒരു കുടുംബസുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.