പത്തനംതിട്ട: ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. മാവേലിക്കര സ്വദേശിയായ എന്‍. പരമേശ്വരന് നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് പരമേശ്വരന് നമ്പൂതിരി. രാവിലെ നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വർമ്മയാണ് ശബരിമല പുതിയ മേൽശാന്തിയെ നറുക്കെടുത്തത്.
കോഴിക്കോട് സ്വദേശിയായ ശംഭു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. പന്തളം കൊട്ടാര അംഗമായ നിരജ്ഞൻ ആർ. വർമ്മയാണ് നറുക്കെടുത്തത്. രാവിലെ എട്ട് മണിക്ക് പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. മേല്‍ശാന്തിമാരുടെ പട്ടികയില്‍ ഒന്‍പത് പേരുകളാണ് ഉണ്ടായിരുന്നത്.
ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് ആണ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ. വാസുവും മറ്റ് ബോര്‍ഡ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോള്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.