തിരുവനന്തപുരം: പാപ്പാത്തി ചോലയിലെ കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ച് നിക്കിയതിനെ അനുകൂലിച്ച് വിഎസ് അച്യുതാനന്ദൻ. ഏത് രൂപത്തിലുള്ള കയ്യേറ്റവും ഒഴിപ്പിക്കണം അത് കുരിശായാലും ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. സർക്കാർ ഭൂമി കയ്യേറിയിട്ടുള്ളവർക്ക് എതിരെ കർശനമായി നടപടി എടുക്കണമെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

മൂന്നാർ കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി വിജയൻ വ്യക്തമാക്കി.”പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു പിണറായിയുടെ നിലപാട് . ഈ നിലപാടിനെ പാടേ തള്ളിക്കളയുന്ന സമീപനമാണ് വിഎസ് അച്യുതാനന്ദൻ ഇപ്പോൾ എടുത്തിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ