പപ്പാഞ്ഞി ജീവനില്ലാത്ത ഒരു പ്രതിമയായി ഇതുവരെ അവതരിച്ചിട്ടില്ല. കൊച്ചിക്കാരുടെ മനസ്സില്‍ പുതുവര്‍ഷത്തിന്റെ ഏറ്റവും ദീപ്തമായ സ്മരണയാണ് കരുണാര്‍ദ്രനും സന്തോഷവാനുമായ ഈ വൃദ്ധന്‍. പുതുവത്സര രാവിന് ഒരു ദിവസം മുന്‍പേ നീണ്ടു നിവര്‍ന്നു ഉയരുന്ന പപ്പാഞ്ഞി മണിക്കൂറുകളോളം ചുറ്റുമുള്ള ലോകത്തെ താല്പര്യ പൂര്‍വം വീക്ഷിച്ചു നില്കും. ആബാല വൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ അടുത്ത് കൂടുകയും കണ്ണുകളാല്‍ ആശയ വിനിമയം നടത്തുകയും ചെയ്യും. കാരണം അദ്ദേഹം കൊച്ചിയുടെ പിന്നിട്ട കാലം കടന്നു വരുന്ന ഒരു ജീവ സാന്നിധ്യമാണ്. അവരുടെ പൂര്‍വികരുടെ ഓര്‍മയാണ്. ഒരു ജനതയുടെ തുടിക്കുന്ന ചരിത്രമാണ്. രാത്രി പന്ത്രണ്ടു മണിക്ക് എരിഞ്ഞടങ്ങുന്നതും, ഒരു വര്‍ഷത്തിനുമിപ്പുറം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ഈ നാട്ടുകാരുടെ മനസ്സിലാണ് . അതുകൊണ്ടായിരിക്കാം പപ്പാഞ്ഞി എന്നും സന്തോഷത്തിലായിരുന്നു. ജനിക്കുമ്പോഴും,പിന്നെ എരിഞ്ഞടങ്ങുമ്പോഴും.

Boney thomas

പപ്പാഞ്ഞിയുടെ ചിത്രത്തിനൊപ്പം ബോണി തോമസ്

ഇത്തവണ പപ്പാഞ്ഞി ഒരു പക്ഷെ ദുഃഖത്തിന്റെ ചെറു കണികകള്‍ മുഖത്തൊളിപ്പിച്ചായിരിക്കും നമ്മളെ നിര്‍ന്നിമേഷനായി, നിശബ്ദനായി അഭിസംബോധന ചെയ്യുന്നത്. കാലതിന്റ്റെ പ്രതീകമാണ് പപ്പാഞ്ഞി. എന്നാലും ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നാടിനെയും നാട്ടുകാരെയും അദ്ദേഹത്തിന് ഓര്‍ക്കാതെ വയ്യല്ലോ. ഓഖി ദുരന്തത്തിന്റെ അവാസാനിക്കാത്ത സങ്കട കടല്‍ ഉറഞ്ഞ ഒരു മുഖത്തോടെ പപ്പാഞ്ഞിയെ ഒരുക്കുകയാണ് എഴുത്തുകാരനും, ചിത്രകാരനുമായ ബോണി തോമസ്.’എന്നാല്‍ തന്നെയും ദുഖാകുലനായ ഒരു പപ്പാഞ്ഞിയെ എനിക്ക് സൃഷ്ടിക്കുക വയ്യല്ലോ’ ബോണി തോമസ് പറയുന്നു. ജനങ്ങള്‍ പപ്പാഞ്ഞിയെ കണ്ട് സന്തോഷിക്കട്ടെ അദ്ദേഹത്തിന്റെ ചൈതന്യം ആസ്വദിക്കട്ടെ ..അതിനൊക്കെ പിന്നില്‍ ദുഃഖത്തിന്റെ നേരിയ അലകള്‍ പപ്പാഞ്ഞി ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചറിയട്ടെ.. നമ്മെ വിട്ടുപോയ സഹജീവികളെ ഒരു നിമിഷം അവര്‍ ഓര്‍ക്കട്ടെ ..’

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഫോര്‍ട്ട് കൊച്ചി കടപ്പുറം കടലെടുത്ത സാഹചര്യത്തില്‍ ഇത്തവണ പപ്പാഞ്ഞിയെ കടപ്പുറത്തു നിന്നും മാറ്റി പ്രതിഷ്ഠിക്കുകയാണ്. പരേഡ് ഗ്രൗണ്ടിലാണ് പപ്പാഞ്ഞി ഇത്തവണ ഉയരുക. അല്ലെങ്കില്‍ പപ്പാഞ്ഞി എപ്പോഴും കടലിനെ നോക്കി നില്‍ക്കുകയായിരുന്നു പതിവ്.ഡച് സെമിത്തേരിയുടെ പടിഞ്ഞാറ് ഭാഗത്ത്, കടപ്പുറത്തിന്റ്‌റെ ഇരു ഭാഗത്തു നിന്നും നോക്കിയാല്‍ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍.

Pappanji

പപ്പാഞ്ഞിയെ കൊണ്ടുവരുന്ന യാനം

‘ആദ്യം സന്തോഷത്താലും,ആനന്ദത്താലും പൊട്ടിച്ചിരിക്കുന്ന ഒരു പപ്പാഞ്ഞിയെ ആയിരുന്നു ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ഒരു കയ്യിലൊരു പുസ്തകവും,മറു കയ്യില്‍ ഒരു പുഷപവും പിടിച്ചുകൊണ്ടുള്ള പപ്പാഞ്ഞി ഏകദേശം തീരുമാനമായി . തുടര്‍ന്നാണ് ഓഖി ആഞ്ഞു വീശിയത്. നഷ്ടത്തിന്റെയും നിരാശയുടെയും അലകള്‍ അങ്ങിനെ പാപ്പാഞ്ഞിയിലും സന്നിവേശിച്ചു ..ഒരു പക്ഷെ താന്‍ പോലും അറിയാതെ ‘- ബോണി തോമസ് പറയുന്നു .

അടിത്തറയടക്കം 40 മീറ്ററാണ് പപ്പാഞ്ഞിയുടെ ഇത്തവണത്തെ ഉയരം.വസ്ത്രാലങ്കാരങ്ങളും മുഖത്തെ കണ്ണടയുമെല്ലാം അതെ പോലെ തന്നെ ..കാഴ്ച്ചക്കാര്‍ ഇഷ്ടപെടുന്ന പോലെ ..

വ്യാഴാഴ്ചയാണ് പപ്പാഞ്ഞിയുടെ വലിയ രൂപത്തിന്റെ ചട്ടക്കൂട് ബോണി തോമസിന്റെ സ്വദേശമായ പോഞ്ഞിക്കരയില്‍ നിന്നും ഫോകൊച്ചിയില്‍ എത്തിച്ചത്.കായലിലൂടെ അരയന്നത്തിന്റെ ആകൃതിയിലുള്ള ഒരു ബോട്ടില്‍, വിമാനത്തിന്റെ ആകൃതിയിലുള്ള മറ്റു രണ്ടു ബോട്ടുകളുടെ അകമ്പടിയോടെ രാജകീയമായിട്ടായിരുന്നു യാത്ര.കാര്‍ണിവല്‍ സംഘാടക സമിതിപപ്പാഞ്ഞിക്കു ഹൃദ്യമായ വരവേല്‍പ്പ് നല്‍കി .സ്റ്റീല്‍കൊണ്ടു വെല്‍ഡ് ചെയ്താണ് പപ്പാഞ്ഞിയുടെ ഘടന നിര്‍മിച്ചിരിക്കുന്നത്. പോഞ്ഞിക്കരയിലെ സെന്റ് ആന്‍സണ്‍ ഡി സൂസ എന്ന സ്ഥാപനത്തിലാണ് ഇത് നിര്‍മ്മിച്ചത്. പപ്പാഞ്ഞിയെ പരിസ്ഥിതി സൗഹൃദമാക്കാന്‍ തുണി, ചാക്ക്, കടലാസ് എന്നിവകൊണ്ട് അതിനെ പൊതിഞ്ഞിട്ടുണ്ട്.

Parade Ground

പപ്പാഞ്ഞിയെ കത്തിക്കാൻ പരേഡ് ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ നടക്കുന്നു

ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പപ്പാഞ്ഞിക്കു തീ കൊളുത്തും. കൊച്ചിയുടെ പോര്‍ട്ടുഗീസ് പാരമ്പര്യം വിളിച്ചോതുന്ന പപ്പാഞ്ഞി,അഗ്‌നിക്കിരയായതിനു ശേഷമുള്ള അവശിഷ്ടം ഉടനെ തന്നെ അവിടെ നിന്നും നീക്കം ചെയ്യും.

കാര്ണിവലിന്റെ ഭാഗമായി കൊച്ചി ബിനാലെ ഫൌണ്ടേഷന്‍ രാത്രി 10 മണി മുതല്‍ സംഗീത വിരുന്നു ഒരുക്കിയിട്ടുണ്ട്. പ്രശസ്ത സംഗീത ട്രുപ് ആയ ബൈജു ധര്‍മജന്‍ സിണ്ടിക്കേറ്റ് ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത് .സാംഗീത നിശ അവസാനിക്കുന്നതോടെ പപ്പാഞ്ഞിയും യാത്ര പറയാന്‍ തയ്യാറെടുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ