കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ വിചാരണക്കോടതിയിലെ അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി എൻഐഎയ്ക്ക് നിർദേശം നൽകി. പ്രതികളായ അലൻ ശുഹൈബിനും താഹ ഫൈസലിനും ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ എൻഐഎ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദും കെ.ഹരിപാലും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
അപ്പീൽ പരിഗണിക്കവെയാണ് അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ ഡിവിഷൻ ബഞ്ചിന്റെ നിർദേശം. തീവ്രവാദ പ്രവർത്തന ബന്ധം വ്യക്തമാക്കുന്ന രേഖകൾ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ അംഗീകരിച്ചിട്ടും തെറ്റായ വിലയിരുത്തലിൽ ജാമ്യം അനുവദിച്ചെന്നായിരുന്നു എൻഐഎയുടെ വാദം. കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കും.
Also Read: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി
സെപ്റ്റംബർ ഒമ്പതിനാണ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ എൻഐഎ കോടതിയാണ് ഇരുവർക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 10 മാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.
2019 നവംബർ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.
Also Read: മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല; കൊല്ലാം, പക്ഷെ തോല്പ്പിക്കാനാവില്ല: ജലീൽ
കേസിൽ ഏപ്രിൽ 27നാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസൽ രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്നുപേരും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നു കുറ്റപത്രത്തിൽ പറയുന്നു.