/indian-express-malayalam/media/media_files/uploads/2017/04/kanam-rajendran.jpg)
കോഴിക്കോട്: യുഎപിഎ കേസില്‍ പൊലീസിനെതിരെ കാനം രാജേന്ദ്രന്‍. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ലൈബ്രറികളില്‍ മഹാഭാരതവും രാമായാണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ലെന്നും കാനം പറഞ്ഞു. കോഴിക്കോട് കരിനിയമങ്ങള്‍ക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാനം.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. അങ്ങനെയായിരുന്നുവെങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും കാനം പറഞ്ഞു. പൊലീസുകാര്‍ക്ക് അവരുടേതായ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ കാനം പശ്ചിമഘട്ടത്തില്‍ ഉണ്ടെന്ന് പറയുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്‌നമൊന്നുമല്ലെന്നും പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ ലേഖനത്തേയും കാനം വിമര്‍ശിച്ചു. ലേഖനം കേരളത്തെ അപമാനിക്കുന്നതാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേന്ദ്രത്തില്‍ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. 1967 ലും 70 ലും ഉണ്ടായിരുന്ന മാവോവാദികളുമായാണ് നിലവിലുള്ളവരെ താരതമ്യം ചെയ്യുന്നത്. പക്ഷെ പഴയ നക്‌സലുകള്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് വന്നെന്നും കാനം ചൂണ്ടിക്കാണിച്ചു. മാവോവാദികളെ വെടിവച്ചു കൊല്ലുകയല്ല, അവരെ ജനാധിപത്യമാര്‍ഗത്തിലേക്ക് കൊണ്ടു വരികയാണ് വേണ്ടതെന്നും കാനം പറഞ്ഞു.
Read More: മാവോയിസ്റ്റ് പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുത്: സീതാറാം യെച്ചൂരി
നേരത്തെ, മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ലെന്നും എന്നാല്‍, അവരുടെ പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി ഡല്‍ഹിയില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണെന്നാണ് പി.മോഹനന്‍ നേരത്തെ പറഞ്ഞത്. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്റെ വിമര്‍ശനം. ഇനി ഇന്ത്യയില്‍ ഇസ്ലാമിക വിപ്‌ളവത്തിന്റെ കാലമാണെന്ന ഗണപതിയുടെ പ്രസ്താവന ഇരു ഗ്രൂപ്പുകളുടെയും കൂട്ടുകെട്ടിന് തെളിവെന്ന് മോഹനന്‍ ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.