കൊച്ചി: സിപിഎം പ്രവർത്തകരായ രണ്ട് വിദ്യാർഥികൾ മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വച്ച കേസിൽ മൂന്നാം പ്രതിയെ തിരിച്ചറിഞ്ഞതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഇയാളുടെ പേര് സർക്കാർ കോടതിയിൽ വെളിപ്പെടുത്തിയില്ല. വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് മൂന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.

പൊലീസ് പരിശോധനയ്ക്കിടെ മൂന്നാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് പ്രതികളുടെ റിമാൻഡ് ഇന്നു തിരുമെന്നും സർക്കാർ ബോധിപ്പിച്ചു. വിദ്യാർഥികളുടെ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം അറസ്റ്റിലായ രണ്ട് വിദ്യാർഥികളുടെ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. വിദ്യാർഥികളുടെ ജാമ്യാപേക്ഷകൾ സെഷൻസ് കോടതി വ്യാഴാഴ്ച തള്ളിയതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർഥികൾക്കെതിരെ തെളിവുണ്ടെന്ന് കണ്ടാണ് ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.