തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്നും കേസ് കേരള പൊലീസിന് തിരിച്ചു നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. സംസ്ഥാന സർക്കാരിന്റെ അറിവില്ലാതെയാണ് കേസ് എൻഐഎയ്ക്ക് കൈമാറിയതെന്നും പ്രതിപക്ഷത്തിന്റെ വികാരം മാനിച്ചാണ് കേരള പൊലീസിന് കേസ് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെടുന്നതെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേസ് കഴിഞ്ഞ ദിവസം നിയമസഭയിൽ ചർച്ചാ വിഷയമായിരുന്നു. കേസിൽ എൻഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ കൊണ്ടുവന്ന എൻഐഎ നിയമപ്രകാരമാണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനവും പിടിവാശിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസിൽ അന്വേഷണം നടക്കുന്നുവെന്നും എന്‍ഐഎ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ കത്തയക്കാന്‍ തയാറാകുന്നില്ലെന്നും അലനും താഹയ്ക്കുമെതിരെ കുറ്റം ചുമത്തണമെന്ന് എന്താണ് നിര്‍ബന്ധമെന്നും ചെന്നിത്തല ചോദിച്ചിരുന്നു.
കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിൽ പോയി കാല് പിടിക്കണോയെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രതിപക്ഷത്തോട് ചോദിച്ചിരുന്നു. എന്നാൽ ഗവർണറുടെ കാൽ പിടിക്കുന്നതിലും നല്ലത് അമിത് ഷായുടെ കാല് പിടിക്കുന്നതാണെന്നാണു പ്രതിപക്ഷം തിരിച്ചടിച്ചത്.