പന്തളം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം ഭക്തരുടേതാണെന്ന് മുഖ്യമന്ത്രി മറക്കരുതെന്നും പന്തളം കൊട്ടാരവും അയ്യപ്പനും തമ്മിലുളള ബന്ധം അഞ്ചു വർഷം കൂടുമ്പോൾ മാറാവുന്നതല്ലെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശശികുമാര വർമ്മയും നാരായണ വർമ്മയും ചേർന്നാണ് പത്രസമ്മേളനം നടത്തിയത്.

പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന് സമാനമായ ബന്ധമാണ് കൊട്ടാരവും അയ്യപ്പനും തമ്മിലുള്ളത്. അതു കൊണ്ട് തന്നെ ശബരിമലയിലെ ദൈനംദിന കർമ്മങ്ങളിൽ ഇടപെടാൻ പന്തളം കൊട്ടാരത്തിന് അവകാശമുണ്ട്. ആചാര സംരക്ഷണത്തിന് സർക്കാർ മുൻകൈയ്യെടുക്കണം ഇല്ലെങ്കിൽ പന്തളം കൊട്ടാരം മുന്നോട്ട് വരും. അങ്ങിനെ ചെയ്യാത്തതിനാലാണ് കൊട്ടാരം മുന്നോട്ട് വന്നത്.

ക്ഷേത്രത്തിലെ ആചാരങ്ങൾ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്. ദേവസ്വം ബോർഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിക്കുന്നത്. ശബരിമലയിലെ പണത്തിൽ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുളളവർ. ആചാരലംഘനം ഉണ്ടായാൽ ചോദിക്കാൻ വിശ്വാസികൾക്ക് ഉടമ്പടിയിൽ അവകാശമുണ്ട്. ആചാരം സംബന്ധിച്ച അവസാന വാക്ക് തന്ത്രിയുടേതെന്നും ഉടമ്പടിയുണ്ട്.

ദേവസ്വം ബോർഡ് ആണ് ക്ഷേത്രത്തിന്റെ ഉടമസ്ഥർ എന്ന വാദം തെറ്റ്. മേൽക്കോയ്മ അധികാരമാണ് ദേവസ്വം ബോർഡിനുളളത്. തിരുവിതാകൂറിൽനിന്ന് പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണ്. ആചാരങ്ങൾ മാറ്റമില്ലാതെ തുടരാനുളള അവകാശം കവനന്റിലുണ്ട്. കവനന്റ് പ്രകാരം കൈമാറിയവർക്കും ക്ഷേത്രത്തിൽ അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ പുച്ഛത്തോടെയുളള വിമർശനത്തിൽ ദുഃഖമുണ്ടെന്നും കൊട്ടാരം പ്രതിനിധികൾ പറഞ്ഞു.

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും തെറ്റായ അവകാശം ആരും ഉന്നയിക്കേണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മളേനത്തില്‍ പറഞ്ഞിരുന്നു. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ആന്ധ്രയില്‍ നിന്നും കുടിയേറിയെത്തിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടുംബമെന്നും കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.