പമ്പ: ശബരിമലയില്‍ ഇത്തരത്തില്‍ സ്ത്രീകളെത്തുന്നത് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ്മ. ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല. ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിക്ക് നിര്‍ദേശം നല്‍കി. ഫോണ്‍ വിളിച്ച് തന്ത്രിയെ കിട്ടാത്തതിനെ തുടര്‍ന്ന് ദൂതനെ വിട്ടാണ് ഈ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. എന്നാല്‍ തുറന്ന പ്രതികരണത്തിന് പന്തളം കൊട്ടാരം തയ്യാറായിട്ടില്ല.

തങ്കഅങ്കി ഘോഷയാത്ര പുറപ്പെടുന്ന ദിവസം തന്നെ സ്ത്രീകൾ ദർശനത്തിനായി എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ശശികുമാര വർമ ഇന്നലെ പ്രതികരിച്ചിരുന്നു. അതേസമയം, രണ്ട് സ്ത്രീകള്‍ മല കയറാനെത്തിയ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

കൊയിലാണ്ടി, കണ്ണൂര്‍ സ്വദേശിനികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ഇന്ന് മല ചവിട്ടാനെത്തിയത്. പൊലീസ് സുരക്ഷ ആവശ്യപ്പെടാതെയാണ് ഇവര്‍ മല കയറാനെത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്പി വന്നപ്പോഴാണ് ഇവര്‍ മല കയറുന്നത് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറായി. അവകാശങ്ങളെ ആക്ടിവിസമെന്നും മാവോയിസമെന്നും മുദ്രകുത്തി പറഞ്ഞയക്കുകയാണ് ഇവിടെ ചെയ്യുന്നതെന്ന് യുവതികള്‍ പറഞ്ഞു. നാമജപക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങളും ഇതിന് കൂട്ടു നില്‍ക്കുന്നുണ്ടെന്ന് യുവതികള്‍ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.