പാനൂർ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് ജില്ലയിലെ ചെക്യാടാണ്  കേസിലെ പ്രതിപ്പട്ടികയിലുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകനായ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിപ്പട്ടികയിലുള്ള രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ചെക്യാടുള്ള ഒരു വീട്ടിലാണ്  കേസിലെ രണ്ടാം പ്രതിയായ രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് രതീഷ്.

മൻസൂർ വധത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് മൻസൂർ വധക്കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് കെ.സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ 11 പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പിടിയിലായ ഷിനോസ് ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പേരെയും സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പിടികൂടാൻ കഴിയാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Read More: മന്‍സൂര്‍ വധം: ‘പൊലീസ് നടപടി ഏകപക്ഷീയം’, സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു

സംഭവ സ്ഥലത്ത് നിന്നും പൊലീസിന് മാരകായുധങ്ങളും ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. റിമാൻഡിലായ ഷിനോസിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ കോടതിയിൽ അപേക്ഷ നൽകും.

വിലാപയാത്രയ്ക്കിടെ മുസ്‌ലിം ലീഗ് പ്രവർത്തകർ സിപിഎം ഓഫീസുകൾക്കും കടകൾക്കും തീയിട്ട സംഭവത്തിൽ ഇതുവരെ 24 പേർ പിടിയിലായിട്ടുണ്ട്. കൊലപാതകക്കേസും തുടർന്നുണ്ടായ അക്രമണങ്ങളിലും കുറ്റക്കാരെ മുഴുവൻ ഉടൻ പിടികൂടുമെന്ന് കണ്ണൂ‍ർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകണം എന്നുമാണ് യുഡിഎഫിന്റെ ആവശ്യം. മന്‍സൂര്‍ വധക്കേസില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണ്. ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കും. എന്നാൽ കൊലക്കേസ് പ്രതികളെ പൊലീസ് പിടികൂടാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

 

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്കു ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളുമുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതീക്ഷ: 0484 2448830; രോഷ്നി: 040 790 4646, ആശ്ര: 022 2754 6669; സഞ്ജീവനി: 011-24311918

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Panoor mansoor murder case accused found dead

Next Story
ബന്ധുനിയമനത്തില്‍ ജലീലിന് തിരിച്ചടി; മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express