വിജയവാഡ: സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽനിന്ന് ഏഴു പുതുമുഖങ്ങൾ. ഇതിൽ നാലുപേർ മന്ത്രിമാരാണ്. മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ്, ചിഞ്ചു റാണി എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി.പി.സുനീറും ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ ദേശീയ കൗണ്‍സില്‍നിന്ന് പുറത്തായി. സിപിഐയുടെ ദേശീയ, സംസ്ഥാന കൗൺസിലുകളിൽ അംഗമാകാനുള്ള പ്രായപരിധി 75 വയസ്സ് ആയി നിജപ്പെടുത്തിയതോടെയാണ് ഇവർ പുറത്തായത്. കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു.
കൺട്രോൾ കമ്മിഷൻ അംഗമായി സത്യൻ മൊകേരിയും എത്തും. സിപിഐ ജനറൽ ഡി.രാജ തുടരാനാണ് സാധ്യത. രാജയ്‌ക്കെതിരെ ദേശീയ കൗൺസിലിൽ വിയോജിപ്പുണ്ടായാൽ അതുൽ കുമാർ അൻജാനോ അമർജിത് കൗറോ ജനറൽ സെക്രട്ടറിയാകാനുള്ള സാധ്യതയുമുണ്ട്.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിൽ ഡി.രാജക്കെതിരെ കേരള ഘടകം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സംഘടനയെ ചലിപ്പിക്കാനാകാത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ദേശീയനേതൃത്വം ആത്മപരിശോധന നടത്തണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. യുദ്ധത്തില്‍ തോറ്റാല്‍ പടനായകന്‍ തുടരുന്ന രീതിയില്ല. പാര്‍ട്ടിഭാരവാഹിത്വം അലങ്കാരപദവിയല്ലെന്ന് പ്രസാദ് വിമര്‍ശിച്ചു.
സിപിഐ പാർട്ടി കോൺഗ്രസ് ഇന്നാണ് സമാപിക്കുക. നാലുദിവസം നീണ്ടുനിന്ന കോൺഗ്രസിനാണ് ഇന്ന് കൊടിയിറങ്ങുക.