ഇടുക്കി: ദേവികുളം സബ് കളക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇരിക്കുന്ന കസേരയുടെ വില നോക്കാതെയാണ് ചിലര്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയ്ക്കായി എന്തും വിളിച്ചുപറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
കലക്ടറെ വിമര്‍ശിച്ച മണിക്കെതിരേ സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും രംഗത്തെത്തിയിട്ടുണ്ട്. ദേവികുളം സബ്കളക്ടർക്കെതിരേയുള്ള മണിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. മണി ഇരിക്കുന്ന പദവിയുടെ മാന്യത കാണിക്കണം. വിയോജിപ്പുണ്ടെങ്കിൽ അത് സർക്കാർ ഉത്തരവായി ഉദ്യോഗസ്ഥർക്കു നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മതചിഹ്നങ്ങളിരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അതെല്ലാം പൊളിക്കാൻ ഇറങ്ങിയാൽ സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നാണ് എംഎം മണിയുടെ പരാമര്‍ശം. ആർ എസ് എസ് പറഞ്ഞിട്ടാണ് കലക്ടർ കുരിശ് പൊളിച്ചത്. ആർ എസ് എസ് ഉപജാപം നടത്തിയാണ് ഇത് ചെയ്തത്. സബ് കലക്ടർ ചെയ്യുന്നത് ഉപജാപപ്രവർത്തനമെന്നും മന്ത്രി ആരോപിച്ചു. ആർ എസ് എസ് കാരായ ഒരുത്തരും വേണ്ടെന്നും മണി വ്യക്തമാക്കി.
അയോദ്ധ്യയിൽ പളളി പൊളിച്ചതുപോലെയാണ് കുരിശ് പൊളിച്ചത്. ഞങ്ങൾ സബ് കലക്ടർക്കൊപ്പമല്ല, ജനങ്ങൾക്കൊപ്പമാണെന്നും മണി പറഞ്ഞു.