തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സി പി ഐ ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രന്റെ തിരുത്ത്. നടിക്കെതിരായ അക്രമം കോടിയേരി പറഞ്ഞതുപോലെ ഒറ്റപ്പെടതല്ല എന്നാണ് പന്ന്യന്റെ നിലപാട്. ഒറ്റപ്പെട്ടെന്ന് പറയുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സ്ഥിതിയാണ് നാട്ടിലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിലപാടുകള്‍ മാനിക്കാത്ത പോലിസുകാരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ പൊലീസിന്റെ ബീജമുള്ളവര്‍ ഇപ്പോഴും കേരളത്തിലെ പൊലീസില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്വന്ത്രമായി പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞാല്‍ തോന്നിയപോലെ പ്രവര്‍ത്തിക്കുക എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തെ അധോലോകമാക്കാാന്‍ ആരെയും അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.

നടിക്കുനേരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവം എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ക്രമസമധാന നിലയാണ് നിലവില്‍ കേരളത്തില്‍ ഉള്ളതെന്നും കോടിയേരി പറഞ്ഞു. ഇതിനെതിരെയാണ് പന്ന്യന്റെ വിമര്‍ശനം.

അടുത്തിടെ ലോ അക്കാദമി, വിവരാവകാശ നിയമം എന്നീ വിഷയങ്ങളിൽ സി പി എമ്മും സി പി ഐ യും തമ്മിലുളള ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കെയാണ് പുതിയ വിഷയത്തിൽ സി പി എം നിലപാടിനെതിരായി സി പി ഐ നേതാവ് രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ