തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെ വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ. വിദ്യാഭ്യാസമന്ത്രി 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കിൽ സമരം തീർന്നേനെ. എസ്എഫ്ഐയുടെ ഈഗോ അനുസരിച്ച് സമരം തീർക്കാൻ പറ്റില്ലെന്നും പന്ന്യൻ പറഞ്ഞു.

ഇന്നലെ ലോ അക്കാദമി കോളജ് സമരം ഒത്തുതീർപ്പാക്കാൻ വിദ്യാർഥികളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. മന്ത്രിതല ചർച്ച വേണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രി ചർച്ചയ്ക്കു തയാറായത്. മാനേജ്മെന്റ് പ്രതിനിധികളും സമരത്തിലേർപ്പെട്ടിരിക്കുന്ന സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. ലക്ഷ്മി നായരെ രാജിവയ്പിക്കാൻ സർക്കാരിനു കഴിയില്ലെന്നും മാനേജ്മെന്റാണ് അതു തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ലക്ഷ്മി നായർക്കു പകരം പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്നുള്ള മാനേജ്മെന്റിന്റെ ഉറപ്പ് അംഗീകരിക്കണമെന്നും സമരത്തിൽനിന്നും പിന്മാറണമെന്നും മന്ത്രി വിദ്യാർഥികളോട് അഭ്യർഥിച്ചു. എന്നാൽ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കാൻ തയാറാകില്ലെന്നു വിദ്യാർഥികൾ നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടി. ഒടുവിൽ ചർച്ചയ്ക്കിടയിൽനിന്നും മന്ത്രി എഴുന്നേറ്റുപോവുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ