തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലെ ജനന നിരക്കിൽ കുത്തനെ ഇടിവുണ്ടായതായി കണക്കുകൾ. 2021ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ജനന നിരക്കിൽ വലിയ കുറവുണ്ടായതായി സംസ്ഥാന ചീഫ് രജിസ്ട്രാറിന്റെ ജനന, മരണ കണക്കുകൾ വ്യക്തമാക്കുന്നു. മഹാമാരിയെത്തുടർന്ന് ഒരുപാട് പ്രവാസികൾ കേരളത്തിലേക്കു തിരിച്ചെത്തുകയും വർക്ക് ഫ്രം ഹോം വ്യാപകമാവുകയും ചെയ്ത സമയത്ത് തന്നെയാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ജനനസംഖ്യയിൽ കുത്തനെ ഇടിവുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. അതിൽ ഈ വർഷത്തെ ഇടിവാണ് ഏറ്റവും വലുത്. കോവിഡിന് മുൻപുള്ള വർഷം 4.80 ലക്ഷം ജനനം രജിസ്റ്റർ ചെയ്തപ്പോൾ ഇത് 2020ൽ 4.53 ലക്ഷമായി കുറഞ്ഞു. ഈ വർഷം സെപ്റ്റംബർ വരെ 2.17 ലക്ഷം മാത്രമാണ് രജിസ്റ്റർ ചെയ്തത്.
ഈ വർഷത്തെ ആദ്യ ആറ് മാസം, രജിസ്റ്റർ ചെയ്ത ജനനങ്ങളുടെ കുറഞ്ഞ എണ്ണം 27,534 (ഫെബ്രുവരിയിൽ) മുതൽ ഉയർന്നത് 32,969 (ജൂൺ) വരെയായിരുന്നു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇത് ശരാശരി 10,000 ആയി. ഇതിൽ സെപ്റ്റംബറിൽ 12,227 ജനനമാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കായിരിക്കും 2021ലേതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വരും വർഷങ്ങളിൽ കേരളത്തിന്റെ ജനസംഖ്യശാസ്ത്രത്തിൽ ഇത് സ്വാധീനം ചെലുത്തുമെന്നും വിലയിരുത്തുന്നു.
Also Read: ദത്തുവിവാദം: കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും
2010ൽ കേരളത്തിൽ 5.46 ലക്ഷം ജനനമാണ് രജിസ്റ്റർ ചെയ്തത്. 2011ൽ ഇത് 5.6 ലക്ഷമായി ഉയർന്നു. പിന്നീട് തുടർച്ചയായ വർഷങ്ങളിൽ ഇതിൽ കുറവുണ്ടായിരുന്നു. എന്നാൽ 2016ലും 2017ലും ഇതിൽ ചെറിയ വർധനവുണ്ടായി.
കേരളത്തിന്റെ ഗ്രാമ, നഗര മേഖലകളിൽ നിന്നും നൂറ് ശതമാനം ജനനങ്ങളും രജിസ്റ്റർ ചെയ്യാറുണ്ട്. ഇതിൽ 98.96 ശതമാനവും ആശുപത്രിയിൽ നടക്കുന്നവയാണ്, 87.03 ശതമാനം ജനനവും 21 ദിവസത്തിനുള്ളിലും രജിസ്റ്റർ ചെയ്യപ്പെടാറുണ്ട്.
നോർക്കയുടെ കണക്ക് പ്രകാരം 2020 മേയ് മുതൽ 13 മാസത്തിനിടയിൽ 14.63 ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് വന്നത്. ഇതിൽ കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായിരുന്നു.
Read More: ദത്തുവിവാദം: കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും