കോഴിക്കോട്: നിലന്പൂർ എംഎൽഎ പി.വി.അന്‍വറിന്റെ വിവാദമായ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായി ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് വേ പൊളിച്ചുമാറ്റാന്‍ ഉത്തരവ്. പത്ത് ദിവസത്തിനകം റോപ് വേ പൊളിച്ചുമാറ്റണമെന്നാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ്. സ്ഥലമുടമയും പി.വി.അന്‍വറിന്റെ ഭാര്യാപിതാവുമായ സി.കെ.അബ്ദുള്‍ ലത്തീഫിനാണ് അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അബ്ദുൽ ലത്തീഫിന്റെ പേരിൽ വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയിലുള്ള ഭൂമിയിലാണ് റോപ്‌വേ. എംഎൽഎയുടെ പേരിൽ വിൽപന കരാർ എഴുതിയശേഷം നീർചോല തടഞ്ഞ് ഭൂമിയിൽ തടയണ നിർമിച്ചതായി വില്ലേജ് ഓഫിസർ കലക്ടർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. നിർമാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ഡിഎഫ്ഒ, കലക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് കലക്ടർ തടയണ നിർമാണം തടഞ്ഞു.

അബ്ദുൽ ലത്തീഫിന്റെ പേരിൽ റസ്റ്ററന്റ് ആൻഡ് ലോഡ്ജ് കെട്ടിടം നിർമിക്കാൻ ഊർങ്ങാട്ടിരി പഞ്ചായത്തിൽനിന്നു നേടിയ അനുമതിയുടെ മറവിലാണ് റോപ്‌ വേ നിർമിച്ചതെന്നാണ് ആരോപണം. തടയണ പൊളിച്ചുമാറ്റാൻ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് കലക്ടർ, മഞ്ചേരി ചെറുകിട ജലസേചന വകുപ്പിനു നിർദേശം നൽകി. കഴിഞ്ഞദിവസം പെരിന്തൽമണ്ണ സബ് കലക്ടർ വിചാരണ നടത്തിയെങ്കിലും എംഎൽഎയും അബ്ദുൽ ലത്തീഫും ഹാജരായില്ല. അഭിഭാഷകരുടെ അഭ്യർഥനപ്രകാരം ഹാജരാകാൻ 10 ദിവസത്തെ സാവകാശം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ