തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത്-നഗരസഭ-കോര്‍പ്പറേഷന്‍ പരിധികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യാനുസരണം കുടിവെള്ളം വിതരണം നടത്തും.

മെയ് മാസം അവസാനം വരെ ഒരോ ഗ്രാമപഞ്ചായത്തുകള്‍ക്കും 16.5 ലക്ഷം രൂപയും, മുന്‍സിപാലിറ്റി പരിധിയില്‍ 27.5 ലക്ഷം രൂപയും, കോര്‍പ്പറേഷന്‍ പരിധിയില്‍ 38.5 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന് ഉപയോഗിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവൊഴിക്കുന്ന തുകയുടെ പൂര്‍ണ്ണമായ മൂല്യം ഉറപ്പ് വരുത്തണം.

നിലവില്‍ ദുരന്ത നിവാരണ വകുപ്പ് മുഖേനെ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കകള്‍ വഴിയും കുടിവെള്ള വിതരണം നടത്താം. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഈ തുക ഉപയോഗിച്ച് കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളുകളിലാണ് കുടിവെള്ളം വിതരണം ചെയ്യുക. അതോടൊപ്പം തന്നെ വെള്ളത്തിന്റെ ഗുണനിലവാരവും ഉറപ്പ് വരുത്തും.

അതാത് ജില്ലകളിലെ റവന്യൂ അധികാരികള്‍ക്ക് കുടിവെള്ള വിതരണം സബന്ധിച്ച മോണിറ്ററിംഗ് നടത്തുന്നതിനുള്ള സംവിധാനവും, ജിപിഎസ് ട്രാക്കിംങ്ങിനുള്ള സംവിധാനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാ മേധാവികള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. സുതാര്യവും കാര്യക്ഷമമവുമായും കുടിവെള്ള വിതരണം നടക്കുന്നതുണ്ടെന്ന് ഉറപ്പ് വരുത്തി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ മേധാവികള്‍ ഒരോ രണ്ടാഴ്ചയിലും കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കും.

കുടിവെള്ള വിതരണം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതികള്‍ക്കിടിയില്ലാതെ കുടിവെള്ള വിതരണം കാര്യക്ഷമായി നടപ്പിലാക്കുമെന്നും, ഇതിനായി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ