തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 14 ലക്ഷത്തോളം പുതിയ വോട്ടർമാർ ഇത്തവണയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. പുതുക്കിയ ശേഷം ഓഗസ്റ്റിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപും വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

2015 ൽ 2.51 കോടി വോട്ടർമാരാണ് ആകെയുണ്ടായിരുന്നത്. വോട്ടർമാരുടെ എണ്ണത്തിനു ആനുപാതികമായി പോളിങ് ബൂത്തകൾ ക്രമീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ പോളിങ് സമയം ഒരു മണിക്കൂർ കൂടി നീട്ടുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നുണ്ട്. പോളിങ് ബൂത്തുകളിൽ തിരക്ക് വർധിച്ചാൽ അത് കോവിഡ് പ്രതിരോധത്തിനു തിരിച്ചടിയാകും.

എന്നാൽ, തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോവിഡ് മഹാമാരി നിയന്ത്രണവിധേയമാകുമെന്നാണ് കമ്മിഷൻ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബറിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കാൻ സാധിക്കില്ലെന്നാണ് കമ്മിഷൻ വ്യക്തമാക്കുന്നത്.

Read Also: ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം, വാർഡ് വിഭജനം ഇത്തവണ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് കാരണം വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസമുള്ളതിനാലാണിത്. നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി നിയമ ഭേദഗതി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നേരത്തേ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായുള്ള വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസം നേരിട്ടു. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.