scorecardresearch

കോവിഡ് ബാധിച്ചതും അല്ലാത്തതുമായ അതിഥി തൊഴിലാളികള്‍ ഒരേ കെട്ടിടത്തില്‍; വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധപൂര്‍വം കലാപം സൃഷ്ടിക്കാനാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതെന്ന് പഞ്ചായത്ത്

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധപൂര്‍വം കലാപം സൃഷ്ടിക്കാനാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതെന്ന് പഞ്ചായത്ത്

author-image
WebDesk
New Update
Panchayat files police case against reporter, Covid and Non Covid Migrant Workers Locked in Same Building, Kozhikode News, Perambra News, Kozhikode, Perambra, Parakkadav, Parakkavu, Local News, അതിഥി തൊഴിലാളി, covid, കോവിഡ്, കോഴിക്കോട്, പേരാമ്പ്ര, പാറക്കടവ്, മാധ്യമപ്രവർത്തകൻ, മാധ്യമപ്രവർത്തകനെതിരേ കേസ്, കോഴിക്കോട്, പേരാമ്പ്ര, Malayalam news, news in malayalam, news malayalam, ie malayalam

കെട്ടിടത്തിൽ നിന്നുള്ള ദൃശ്യം

കോഴിക്കോട്: കോവിഡ് ബാധിച്ച അതിഥി തൊഴിലാളികളെ പൂട്ടിയിട്ടുവെന്ന് വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യപ്രവര്‍ത്തകനെതിരെ കേസ്. ഡല്‍ഹി ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയുടെ പ്രാദേശിക ലേഖകന്‍ എന്‍ പി സക്കീറിനെതിരെയാണ് കലാപം സൃഷ്ടിക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി പേരാമ്പ്ര പൊലീസ് കേസെടുത്തത്.

Advertisment

ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവില്‍ ഒരേ കെട്ടിടത്തില്‍ കോവിഡ് ബാധിച്ചതും അല്ലാത്തതുമായ അതിഥി തൊഴിലാളികളെ താമസിപ്പിച്ചുവെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. മൂന്നുനില കെട്ടിടത്തിന്റെ ഗ്രില്‍ പുറത്തുനിന്നു പൂട്ടിയെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സക്കീറാണെന്ന് ആരോപിച്ചാണ് കേസെടുത്തത്.

വാര്‍ത്തയെത്തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി കെട്ടിടം സന്ദര്‍ശിക്കുകയും രോഗമുള്ളവരെ കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ കെട്ടിടം പിന്നീട് കോവിഡ് കെയര്‍ സെന്ററായി പഞ്ചായത്ത് ഏറ്റെടുക്കുകയും രോഗം സ്ഥിരീകരിച്ചവർക്ക് അവിടെ തന്നെ സമ്പര്‍ക്കമില്ലാതെ കഴിയാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.

ഈ കെട്ടിടം ഉള്‍പ്പെടുന്ന പ്രദേശത്ത് നൂറ്റി അറുപതോളം അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കെട്ടിടം പൂട്ടിയിട്ട സമയത്ത് ഇതിനുള്ളില്‍ 20 പേരാണ് കോവിഡ് പോസിറ്റീവായിരുന്നത്. ഡെപ്യൂട്ടി കലക്ടറുടെ സന്ദര്‍ശനത്തിനുശേഷം നടത്തിയ പരിശോധനയില്‍ ഏതാനും പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

Advertisment

അതേസമയം, പഞ്ചായത്തിനെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ചതിനാലാണ് മാധ്യമപ്രവര്‍ത്തകനെതിരെ പരാതി നല്‍കിയതെന്ന് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധപൂര്‍വം കലാപം സൃഷ്ടിക്കാനാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

''സക്കീര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്തയായി പ്രചരിപ്പിക്കുകയും മറ്റു മാധ്യമങ്ങള്‍ക്കു നല്‍കുകയുമായിരുന്നു. രോഗവ്യാപനം തടയാനുള്ള നടപടികളാണു പഞ്ചായത്ത് സ്വീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരെ കെട്ടിടത്തിന്റെ മുകള്‍നിലയിലെയും മറ്റുള്ളവരെ താഴത്തെ നിലയിലെയും മുറികളില്‍ പ്രത്യേകമാണ് താമസിപ്പിച്ചത്. ഇവര്‍ക്കു ഭക്ഷണവും ലഭ്യമാക്കിയിരുന്നു. കെട്ടിടത്തിന്റെ ഗ്രില്‍ പൂട്ടിയത് അതിഥി തൊഴിലാളികളാണോ എന്ന് അറിയില്ല. വാര്‍ത്തയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഡെപ്യൂട്ടി കലക്ടര്‍ക്കു പഞ്ചായത്ത് ചെയ്ത കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. രണ്ട് ദിവസത്തിനുശേഷം വീണ്ടും ടെസ്റ്റ് നടത്തി പോസിറ്റീവായവരെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി,'' ഉണ്ണി വേങ്ങേരി പറഞ്ഞു.

വാര്‍ത്ത നല്‍കിയ മറ്റു മാധ്യമങ്ങള്‍ക്കെതിരെയും പരാതി നല്‍കുമെന്നും കോവിഡുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം പാറക്കടവില്‍ തന്നെ അതിഥി തൊഴിലാളികള്‍ ലഹള സൃഷ്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇതേ മാധ്യപ്രവര്‍ത്തകനാണെന്ന ആരോപണമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ വാസ്തവവിരുദ്ധമായ പരാതിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് എന്‍പി സക്കീര്‍ പറഞ്ഞു.

''ഇത്തരത്തില്‍ ഒരു മാധ്യമത്തിലും ഞാന്‍ വാര്‍ത്ത നല്‍കിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിവരം പങ്കുവയ്ക്കുകയാണ് ചെയ്തത്. കെട്ടിടത്തിന്റെ ഗ്രില്‍ പൂട്ടിയെന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പോസിറ്റീവായവരെ ഡെപ്യൂട്ടി കലക്ടറുടെ സന്ദര്‍ശനത്തിനുശേഷം കെട്ടിടത്തില്‍നിന്നു മാറ്റിയെന്നതും വസ്തുതയാണ്. കഴിഞ്ഞവര്‍ഷത്തെ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണം വസ്തുതാ വിരുദ്ധമാണ്. സംഭവം നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് അന്ന് പാറക്കടവിലെത്തിയത്,'' സക്കീര്‍ പറഞ്ഞു. പാറക്കടവിനു തൊട്ടടുത്തുള്ള കുറ്റ്യാടി സ്വദേശിയാണ് സക്കീര്‍.

തന്റെ സന്ദര്‍ശന സമയത്ത് കോവിഡ് പോസീറ്റായവരും അല്ലാത്തവരും കെട്ടിടത്തിന്റെ വ്യത്യസ്ത നിലകളിലായിരുന്നുവെന്ന് ഡെപ്യൂട്ടി കലക്ടര്‍ അനിതാ കുമാരി പറഞ്ഞു.

''പോസിറ്റീവായവര്‍ മൂന്നാം നിലയിലായിരുന്നു. രണ്ടാം നിലയില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവര്‍ പുറത്തേക്കു പോകുന്നതു തടയാന്‍ കെട്ടിടത്തിന്റെ പുറത്തെ ഗ്രില്ലാണ് പൂട്ടിയത്. അല്ലാതെ അവര്‍ താമസിച്ച മുറികളല്ല. അവര്‍ക്കു മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ തടസങ്ങളുണ്ടായിരുന്നില്ല,'' ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.

സക്കീറിനെതിരായ കേസ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റെജി പറഞ്ഞു.

''സക്കീര്‍ കൊടുത്ത വാര്‍ത്ത പോലുമല്ല അത്. അദ്ദേഹം ഒരു മീഡിയ ഗ്രൂപ്പില്‍ വിവരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരും ഔദ്യോഗിക സംവിധാനങ്ങളും സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയാണ്. ഇതിനെതിരെ ഓരോ പഞ്ചായത്തുകളും കേസുമായി മുന്നോട്ടുപോയാല്‍ മാധ്യമപ്രവര്‍ത്തനം അസാധ്യമാകും. കലാപാഹ്വാനം എന്നൊക്കെ പറഞ്ഞ് മാധ്യമപ്രവർത്തനത്തെ നേരിടുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഈ പ്രവണതയെ ഉചിതമായ തരത്തില്‍ നേരിടും,'' റെജി പറഞ്ഞു.

കോവിഡിനിടെ ഇത് രണ്ടാം തവണയാണ് വാര്‍ത്ത നല്‍കിയതിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ മുക്കം നഗരസഭ മാധ്യമം ഫൊട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്കെതിരെ നല്‍കിയതായിരുന്നു ആദ്യ പരാതി.

കഴിഞ്ഞ ലോക്ക് ഡൗണില്‍ മുക്കം ബസ് സ്റ്റാന്‍ഡില്‍ കുടുങ്ങി ഭക്ഷണം കിട്ടാതായ ആള്‍ പൈപ്പില്‍നിന്ന് വെള്ളം കുടിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രമാണ് നഗരസഭയെ പ്രകോപിപ്പിച്ചത്. ലഹളയുണ്ടാക്കാനുള്ള ശ്രമം, അപകീര്‍ത്തിപെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളോടെയാണ് അന്ന് കേസ് ചുമത്തിയത്.

Corona Virus Migrant Labours Media Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: