കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക കോടതി കയറുന്നു. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോൺഗ്രസ്‌ നേതാക്കളായ എൻ.വേണുഗോപാൽ, എം.മുരളി, കെ.സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തണം എന്നും തദ്ദേശ തിരഞ്ഞെടുപ്പിനായി 2015 ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സർക്കാരുമാണ് എതിർകക്ഷികൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുടർന്ന് 2015 ലെ വോട്ടർ പട്ടിക പുതുക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്.

Read Also: Horoscope Today January 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

അതേസമയം, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പഴയ വോട്ടർ പട്ടിക ഉപയോഗിക്കുന്നത് ചോദ്യം ചെയ്‌ത് സമർപ്പിച്ച മറ്റൊരു ഹർജയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ വോട്ടർ പട്ടിക നിലനിൽക്കെ 2015 ൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക ഇപ്പോൾ കരട് വോട്ടർ പട്ടികയായി നിശ്ചയിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടാഴ്‌ചയ്‌ക്കകം വിശദീകരണം നൽകണം. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടിക നിലനിൽക്കെ, 2015 ലെ വോട്ടർ പട്ടിക നിശ്ചയിച്ചത് ഏകപക്ഷീയമാണെന്നാണ് ഹർജിയിലെ ആരോപണം. കേസ് രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക തന്നെ മാനദണ്ഡമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. 2015 ലെ വോട്ടര്‍ പട്ടിക അനുസരിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ ആവശ്യം തള്ളി. എല്‍ഡിഎഫും യുഡിഎഫും 2019 ലെ വോട്ടര്‍ പട്ടിക ആധാരമാക്കി വേണം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ എന്ന് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.