കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ മാസം ഏഴാം തീയതി വരെ വോട്ടർ പട്ടികയിൽ ചേർത്തവരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞടുപ്പ് നടത്താനുള്ള കമ്മീഷന്റെ വിജ്ഞാപനം കോടതി റദ്ദാക്കി.

2015ലെ പട്ടികയുടെ അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക പുതുക്കലിന് പേരു ചേർക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. 2015ലെ പട്ടിക അംഗീകരിച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് എൻ.വേണുഗോപാൽ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. 2015 ലെ തിരഞ്ഞെടുപ്പിന് 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ പട്ടികയാണ് ഉപയോഗിച്ചതെന്നും 2015ലെ പട്ടിക അടിസ്ഥാനമാക്കിയാൽ 11 ലക്ഷം വോട്ടർമാർ പുറത്താവുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Read Also: ‘ബെഹ്റയെ മാറ്റുമോ?’; മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി

ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക തന്നെ മാനദണ്ഡമാക്കാനായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു എൽഡിഎഫ്, യുഡിഎഫ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആവശ്യം തള്ളുകയായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കേണ്ട തിരഞ്ഞെടുപ്പിനായി 2015ലെ വോട്ടർപട്ടിക പുതുക്കി ഉപയോഗിക്കേണ്ടി വന്നാൽ 25 ലക്ഷത്തോളം വോട്ടർമാരെ എങ്കിലും പുതുതായി ചേർക്കേണ്ടി വരുമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. പരേതരും സ്ഥലത്തില്ലാത്തവരുമായ നാലോ അഞ്ചോ ലക്ഷം പേരെയെങ്കിലും പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടിയും വരുമെന്നായിരുന്നു വിലയിരുത്തൽ. 2015 ലെ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു സർക്കാർ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.