തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. യുഡിഎഫിനാണ് മേൽക്കെെ. ആകെയുള്ള 27 വാര്‍ഡുകളില്‍ 15 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിന് വിജയിക്കാൻ സാധിച്ചത് 11 വാർഡുകളിൽ. ബിജെപി ഒരു വാർഡ് സ്വന്തമാക്കി. യുഡിഎഫിന് ലഭിച്ച സീറ്റുകളിൽ നാലെണ്ണം എൽഡിഎഫിൽ നിന്നും രണ്ടെണ്ണം സ്വതന്ത്രരിൽ നിന്നുമാണ് പിടിച്ചെടുത്തതാണ്.

നേരത്തെ 11 സീറ്റുകൾ മാത്രമായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. ഇത്തവണ നാല് സീറ്റുകൾ കൂടുതൽ നേടാൻ ഐക്യജനാധിപത്യ മുന്നണിക്ക് സാധിച്ചു. അതേസമയം, നേരത്തെ നേരത്തെ എൽഡിഎഫിനുണ്ടായിരുന്നത് 12 സീറ്റുകളായിരുന്നു. മറ്റ് സീറ്റുകളിൽ സ്വതന്ത്രൻമാരായിരുന്നു.

തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ കെ.പ്രമോദാണ് സീറ്റ് പിടിച്ചെടുത്തത്. ചൊവ്വാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 72.18 ശതമാനം പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയവര്‍. പാലാ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

Read Also: ‘വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഓഫ് ചെയര്‍മാന്‍’ എന്ന് സമ്മതിച്ചാല്‍ ചിഹ്നം തരാം: പി.ജെ.ജോസഫ്

തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്ത് വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. മൂന്നെണ്ണം യൂഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇത് യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. എല്‍ഡിഎഫിലെ സുനില്‍ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ 198 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മൂന്ന് വാർഡുകളിൽ യുഡിഎഫാണ് വിജയിച്ചിരിക്കുന്നത്. വി.കെ.ശ്രീകണ്ഠൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ തിരഞ്ഞെടുപ്പ് നടന്ന ഷൊർണൂർ നഗരസഭ 17 ആം വാർഡ് 392 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലനിർത്തി. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി നസീബാറായ് 903 വോട്ടിന് വിജയിച്ചു. രമ്യ ഹരിദാസ് ആയിരുന്നു കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. രമ്യ ഹരിദാസ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി എ.ടി.സരസ്വതി 344 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.