തൊടുപുഴ: ഇടുക്കിയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നായ പാഞ്ചാലിമേട് മുഖം മിനുക്കി സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങുന്നു. ടൂറിസം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദ്യ ഘട്ട ടൂറിസം വികസന പദ്ധതികള്‍ പൂര്‍ത്തിയായതോടെ ഏഴിന് പാഞ്ചാലി മേട് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏഴിന് ആദ്യ ഘട്ടം പദ്ധതി ഉദ്ഘാടനം ചെയ്യും. സീസണില്‍ ദിവസവും 1500 ഓളം സഞ്ചാരികളെത്തുന്ന പാഞ്ചാലിമേട്ടില്‍ ടൂറിസത്തിന് സാധ്യതകൾ തിരിച്ചറിഞ്ഞാണ് പുതിയ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ പി.വിജയന്‍ പറഞ്ഞു.

പാഞ്ചാലിമേട്ടിലെ ടൂറിസം വികസനത്തിനായി കഴിഞ്ഞ വര്‍ഷം 3.96 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ ഭരണാനുമതി ലഭിച്ച രണ്ടു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിശ്രമ കേന്ദ്രം, ശുചിമുറികള്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, പ്രവേശന കവാടം, സോളാര്‍ വിളക്കുകള്‍ എന്നിവയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിലവില്‍ പാഞ്ചാലിമേട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് ഡിറ്റിപിസി ലക്ഷ്യമിടുന്നത്.

panchalimedu tourism center

പാഞ്ചാലിമേട്

ദേശീയപാത 183-ല്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയില്‍ നിന്നു നാലര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാഞ്ചാലിമേട്ടിലെത്താം. പച്ചപുതച്ച വിശാലമായ മൊട്ടക്കുന്നുകളും വീശിയടിക്കുന്ന തണുത്ത കാറ്റും കോടമഞ്ഞുമാണ് ഇവിടേയ്ക്ക്  സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത് കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി തീര്‍ഥാടകരാണ് വര്‍ഷം തോറും പാഞ്ചാലിമേട്ടിലെത്താറുള്ളത്.

തെളിഞ്ഞ കാലാവസ്ഥയില്‍ ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസുമെല്ലാം പാഞ്ചാലി മേട്ടില്‍ നിന്നു കാണാനാവുമെന്നും പറയുന്നു. പഞ്ച പാണ്ഡവര്‍ വനവാസ സമയത്ത് തങ്ങിയ സ്ഥലം എന്ന ഐതിഹ്യത്തിൽ നിന്നാണ് ഈ സ്ഥലത്തിന് പാഞ്ചാലി മേട് എന്ന് പേര് ലഭിച്ചത്.

പുതിയ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളെത്തുന്ന പാഞ്ചാലി മേട്ടില്‍ ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിക്ക് വിരാമമാകുമെന്ന പ്രതീക്ഷയിലാണ്. പാഞ്ചാലിമേട് ടൂറിസം വികസനത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ സാഹസിക വിനോദ സഞ്ചാരത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. പാഞ്ചാലിമേട്ടിലെ പാഞ്ചാലിക്കുളം നവീകരിച്ച് വലിയ തടാകമാക്കിയ ശേഷം ഇതില്‍ ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്താനും വിനോദ സഞ്ചാര വകുപ്പ് അധികൃതര്‍ക്കു പദ്ധതിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.