മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഫെബ്രുവരി 22-ാം തീയതിയായിരുന്നു തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇന്ന് രാവിലെ മുതല്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. 12.45 മരണം സ്ഥിരീകരിച്ചത്.
ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയിൽ.
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളീയ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേത്. 13 വർഷത്തോളമായി തങ്ങള്‍ പാര്‍ട്ടിയെ നയിക്കുകയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം.
1973 ൽ സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്എസ്എഫ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979 വരെ പദവിയിൽ തുടർന്നു. 1983 ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. പിന്നീട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന നേതൃത്വത്തിലേക്കുമെത്തി.
ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നേതൃ ചുമതലകള്‍ വഹിച്ചു.
സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.
Also Read: പൂക്കോയ തങ്ങൾ മുതൽ മുഈനലി തങ്ങൾ വരെ; ലീഗിലെ തങ്ങൾ കുടുംബകഥ