മലപ്പുറം: സമസ്തയുടെ ആവശ്യം തളളിക്കളഞ്ഞുക്കൊണ്ട് പാണക്കാട് തങ്ങൾ കുടുംബാംഗങ്ങൾ കൂരിയാട് സലഫി നഗറിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തു. വഖഫ് ബോർഡ് അധ്യക്ഷൻ റഷീദലി തങ്ങൾ പങ്കെടുത്തതിന് പിന്നാലെ യൂത്ത് ലീഗ് പ്രസിഡന്ര് മുനവ്വറലി തങ്ങളുമാണ് സമസ്തയുടെ ആവശ്യം നിരാകരിച്ച മുജാഹിദ് സമ്മേളനവേദിയിലെത്തിയത്. മുജാഹിദ് സംഘടനയുടെ വേദിയിൽ പങ്കെടുക്കരുതെന്നായിരുന്നു ഇ . കെ സുന്നി വിഭാഗത്തിന്രെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സോഷ്യൽ മീഡിയിയിലും അല്ലാതെയും വിവിധ തലങ്ങളിൽ ചർച്ച നടന്നിരുന്നു. എന്നാൽ സംഘടനയുടെ ആവശ്യങ്ങൾ നിരാകരിച്ചാണ് ഇരുവരും രണ്ട് പരിപാടികളിൽ പങ്കെടുക്കാൻ വേദിയിലെത്തിയത്.
മുജാഹിദ് വേദിയിൽ പങ്കെടുക്കുന്നതിനെതിരെ സമസ്തയിലെ വിവിധ നേതാക്കൾ ശക്തമായി രംഗത്തുവന്നെങ്കിലും ഇരുവരും സമസ്തയുടെ ആവശ്യം മറികടന്ന് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. ആരെയും വെല്ലുവിളിക്കാനല്ല, തോൽക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നാണ് മുനവ്വറലി പ്രസംഗത്തിൽ വ്യക്തമാക്കിയത്. ആതിഥ്യം സ്വീകരിക്കുകയെന്നതാണ് പ്രവാചക മാതൃകയെന്നും അദ്ദേഹം പറഞ്ഞു, മുജാഹിദ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട സമസ്തയ്ക്കുളള മറുപടിയായാണ് വേദി ഈ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചത്.
മുജാഹിദ് സമ്മേളനത്തിന്രെ ഭാഗമായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുനവ്വറലി തങ്ങളെത്തിയത്. മഹല്ല്, പളളി, മദ്രസ എന്ന വിഷയത്തിൽ നടന്ന സെഷനാണ് വഖഫ് ബോർഡ് അധ്യക്ഷൻ റഷീദലി നേരത്തെ ഉദ്ഘാടനം ചെയ്തത്.
പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവജന സമൂഹം കരുത്താര്‍ജ്ജിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പുതിയ കാലം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അറിവിന്റെയും വികാസത്തിന്റെയും കാലഘട്ടത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ കൈവെടിയാതെ കരുത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കേണ്ടതുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.
വര്‍ഗീയതയും ഫാസിസവും ഇന്ത്യയെ കവര്‍ന്നുതിന്നുമ്പോള്‍ ഇതിനെതിരെ ചെറുത്ത് നില്‍പ്പ് തീര്‍ക്കാന്‍ യോജിച്ച മുന്നേറ്റം ആവശ്യമാണ്. രാജ്യത്തിന്റെ സവിശേഷ സാഹചര്യത്തെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാകണം. ഫാസിസം അധികാരത്തിന്റെ രൂപത്തില്‍ കടന്നുവരുമ്പോള്‍ ഇതിനെതിരെയുള്ള ചെറുത്ത് നില്‍പ്പ് അത്രമേല്‍ എളുപ്പമല്ല. കരുത്തുറ്റ നേതൃത്വവും ദിശാബോധമുള്ള അനുയായികളും ഉണ്ടാകേണ്ടതുണ്ട്. യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കണം. സംഘടനാപരമായ വിയോജിപ്പുകള്‍ നിലനില്‍ക്കത്തന്നെ യോജിക്കാവുന്ന മേഖലകളില്‍ ഒത്തൊരുമയോടെ മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണം. അദ്ദേഹം പറഞ്ഞു.
“ആരെയും വെല്ലുവിളിക്കാനല്ല മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തോല്‍ക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്. തീവ്രവാദം ഭീകരവാദം തുടങ്ങിയ നിലപാടുകളോട് എന്നും അതിശക്തമായ നിലപാടെടുത്ത മുജാഹിദ് പ്രസ്ഥാനത്തോടൊപ്പം മുസ്‌ലിം യൂത്ത്‌ലീഗ് എന്നുമുണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ ചൂണ്ടിക്കാട്ടി. ധാര്‍മ്മിക ഉത്തരവാദിത്തം കൊണ്ടാണ് സമ്മേളന നഗരിയിലേക്ക് വന്നത്. കെ.എന്‍.എം. നേതാക്കള്‍ ഞങ്ങളെ ക്ഷണിച്ചുവെന്നത് ഞങ്ങള്‍ക്കുള്ള അംഗീകാരമാണ്. ആതിഥ്യം സ്വീകരിക്കണമെന്നതാണ് പ്രവാചക മാതൃക. ഒത്തൊരുമയിലും കൂട്ടായ്മയിലുമാണ് സൗന്ദര്യമുള്ളത്. ഈ സൗന്ദര്യത്തെ നെഞ്ചോടു ചേര്‍ക്കാന്‍ മുസ്‌ലിം സമുദായത്തിനു സാധിക്കേണ്ടതുണ്ടെന്നും” മുനവ്വറലി ഓര്‍മ്മിപ്പിച്ചു.