മലപ്പുറം:  ഒരാഴ്ചയായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാഗ്വാദങ്ങള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു. റഷീദലി തങ്ങളുടെ മാതൃസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം)-യുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് അദ്ദേഹം ശനിയാഴ്ച മലപ്പുറം ജില്ലയിലെ കൂരിയാട് നടന്നു വരുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്. മുജാഹിദ് (സലഫികള്‍), ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതനവീകരണവാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും നിലവിലെ സാഹചര്യത്തില്‍ സലഫിസത്തെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുള്ള മുജാഹിദുകളുടെ ശ്രമത്തില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും പ്രഖ്യാപിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവന തളളിക്കളഞ്ഞാണ് റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത്.

കേരളത്തിലെ വിവിധ വിഭാഗം സലഫികള്‍ മുജാഹിദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രസ്ഥാനങ്ങളില്‍ അകൃഷ്ടരായി കേരളത്തില്‍ നിന്നും അപ്രത്യക്ഷരായി എന്ന് പറയപ്പെടുന്നവർ സലഫി ആശയം പിന്‍പറ്റുന്നവരായിരുന്നുവന്നാണ് പറയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട കേരളത്തിലും സലഫിസത്തെ കുറിച്ച് ഗൗരവമായ ചർച്ചകൾ ഉയരുന്ന പ പശ്ചാത്തലത്തിലാണ് കേരളത്തിലെ സലഫികളെന്ന് അറിയപ്പെടുന്ന മുജാഹിദ് വിഭാഗം മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടത്തുന്നത്. പാഠപുസ്തക വിവാദത്തിലൂടെ വിവാദനായകനായ പീസ് സ്കൂൾ സ്ഥാപകനും സലഫി പ്രചാരകനും മുജാഹിദ് നേതാവുമായ എം എം അക്ബർ നിയമനടപടികൾ നേരിടുകയാണ്. സലഫിസം ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവരെ വെള്ള പൂശാന്‍ സുന്നികളായ പാണക്കാട് തങ്ങന്‍മാര്‍ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് പാണക്കാട് തങ്ങന്‍മാരെ അനുകൂലിക്കുന്ന സുന്നി വിഭാഗത്തിന്റെ നിലപാട്.

മുജാഹിദ് സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച നടന്ന മഹല്ല്, പള്ളി, മദ്രസ എന്ന സെഷന്‍ റഷീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം സംഘടനകളില്‍ നിന്ന് ഭിന്നിപ്പിന്റെ സ്വരങ്ങളല്ല ഉണ്ടാകേണ്ടതെന്നും ഐക്യത്തിന്റെ പാതകളാണ് വെട്ടിത്തുറക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ആദര്‍ശത്തില്‍ അടിയുറച്ചു നിന്നു കൊണ്ടാണ് ഇവിടെ സംസാരിക്കുന്നത്’ എന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. ‘ഭിന്നിച്ചു കൊണ്ട് ഒരിക്കലും നിലനില്‍ക്കാനാവില്ല. അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പ്രസ്ഥാന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നില്‍ക്കണം. സുന്നികളും മുജാഹിദുകളും പരസ്പരം വിമര്‍ശിക്കുമ്പോള്‍ മതത്തെ മറന്നു കൊണ്ടാണോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന ഓര്‍മ വേണം. ഇസ്ലാം ഒരിക്കലും ഐക്യത്തിന്റെ പാതയില്‍ നിന്ന് പിന്‍വാങ്ങാന്‍ കല്‍പ്പിച്ചിട്ടില്ല. ആശയവ്യത്യാസങ്ങളില്‍ സംഘട്ടനത്തിന് മുതിരാതെ മുസ്ലിം സമൂഹത്തിന്രെ പുരോഗതിയും നന്മയും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എങ്കിലെ ദേശീയ, അന്തര്‍ദേശിയ തലങ്ങളിലും കേരളത്തിലും നേരിടുന്ന ഭീഷണി ഇല്ലാതാക്കാന്‍ കഴിയൂ,’ അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ ഭീകരവാദത്തിന്റേയും മതതീവ്രവാദത്തിന്റേയും പേരില്‍ സലഫിസം വിചാരണ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇവരെ പിന്താങ്ങുന്ന തരത്തില്‍ പാണക്കാട് തങ്ങള്‍ കുടുംബം നിലപാട് സ്വീകരിക്കരുതെന്നു വ്യക്തമാക്കി സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് നോതാക്കളില്‍ ഒരു വിഭാഗം നേരത്തെ തന്നെ ശക്തമായി രംഗത്തു വന്നിരുന്നു. സുന്നികളെ ബഹുദൈവ വിശ്വാസികളെന്നും മതവിരുദ്ധരായും ചിത്രീകരിക്കുന്ന മുജാഹിദുകളുടെ പരിപാടിയില്‍ സുന്നി ആദര്‍ശം പിന്‍തുടരുന്ന റഷീദലി തങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം.

‘ഫാഷിസം രാക്ഷസ ഭാവത്തോടെ വരുമ്പോള്‍ സമുദായം എല്ലാം മറന്ന് ഒന്നിക്കണമെന്ന അഭിപ്രായം കേള്‍ക്കാന്‍ നല്ല സുഖമാണെങ്കിലും ആര് എങ്ങനെ ഒന്നിപ്പിക്കുമെന്നത് പ്രശനമാണ്. ഒരു ഭാഗത്ത് വലിയ ബഹുദൈവ വിശ്വാസികള്‍ എന്നാരോപിക്കപ്പെടുന്ന സുന്നികളും മറുഭാഗത്ത് 916 പ്യൂരിറ്റി വിശ്വാസം അവകാശപ്പെടുന്ന വിവിധ ജാതി മുജാഹിദുകളുമാണുള്ളത്. സുന്നികളെ മുസ്ലിംകളായി പോലൂം കാണാന്‍ ഒരുക്കമല്ലാത്തവരെ എല്ലാം മറന്നു കെട്ടിപ്പിടിക്കാന്‍ സാധ്യമല്ല,’ വിവാദം ചൂടുപിടിക്കുന്നതിനിടെ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ അഭിപ്രായപ്പെട്ടതാണിത്. ഫാഷിസത്തെ പ്രതിരോധിക്കണെന്ന കാര്യത്തില്‍ യാതാരു അഭിപ്രായ വ്യത്യാസമില്ലാതിരുന്നിട്ടും മുസ്‌ലിം പൊതുവേദികളിലേയ്ക്ക് എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, ഐ എന്‍ എല്‍, പിഡിപി എന്നിവരെ ക്ഷണിക്കാത്തത് എന്താണ്? സലഫിസത്തോടുള്ള അരിശവും അമര്‍ഷവും ഇല്ലാതാക്കി അതിനെ വെളുപ്പിക്കാനാണോ മതസംഘടനകള്‍ക്കിടയില്‍ മാത്രം കറങ്ങുന്ന സമുദായ ഐക്യത്തിന്റെ ലക്ഷ്യമെന്തെന്നും സത്താര്‍ നേരത്തെ പോസ്റ്റ് ചെയ്ത ഫേസ്ബുക്കില്‍ കുറിപ്പില്‍ ചോദിക്കുന്നു.

“ആട് മേയ്ക്കുന്നവര്‍ക്ക് വൈക്കോല്‍ കൊടുക്കാന്‍ പോകുന്ന സമീപന”മെന്നാണ് റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തില്‍ പോകുന്നതിനെ കുറിച്ച് എസ് കെ എസ് എസ് എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് പതിപ്പ് എഡിറ്റര്‍ മിദ്‌ലാജ് റഹ്മാനി വിശേഷിപ്പിച്ചിരുന്നത്. സുന്നികളുടെ നിലപാട് വ്യക്തമാണെന്നും വഹിക്കുന്ന പദവിയുടെ മഹത്വം കൊണ്ട് മാത്രം പറയുന്നതും ചെയ്യുന്നതും തന്നെയാണ് അവസാന വാക്കെന്ന പേപ്പര്‍ ഇന്‍ഫാലിബിലിറ്റി സിദ്ധാന്തം ഇസ്ലാമിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.