തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പിന്തുണയോടെ മണല്‍ മാഫിയ സജീവമാകുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുവരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചും വനംമന്ത്രിയെ നോക്കുകുത്തിയാക്കിയും പ്രളയത്തിന്റെയും കോവിഡിന്റെയും മറവില്‍ നടന്ന വന്‍ കൊള്ളയാണ് മണല്‍കടത്തെന്ന് മുല്ലപ്പള്ളി പറഞ്ഞു.

“പമ്പാ ത്രിവേണിയിലെ മണലെടുപ്പ്, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം, ഡാമുകളിലെയും പുഴകളിലെയും മണലെടുക്കാനുള്ള അനുമതി ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ അഴിമതിക്ക് കളമൊരുക്കുകയാണ്. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും പിന്തുണയോടെ സംസ്ഥാനത്ത് വീണ്ടും മണല്‍മാഫിയ സജീവമാകുന്നു. പ്രളയം നേരിടാനെന്ന വ്യാജേന പുഴകളിലെ മണ്ണ് ധൃതിപിടിച്ച് നീക്കുന്നത് സംശയാസ്പദമാണ്,” അദ്ദേഹം പറഞ്ഞു.

Read Also: ‘നിങ്ങള്‍ ധാരാളം തന്നു, ഞങ്ങള്‍ക്കും തിരിച്ചു നല്‍കണം’ പ്രതിസന്ധിയില്‍ കേരളത്തെ മറക്കാതെ ഛത്തീസ്‌ഗഡ് തൊഴിലാളികള്‍

“വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പമ്പാ ത്രിവേണിയിലെ മണല്‍ക്കടത്ത്. ഒരു ലക്ഷം മെട്രിക് ടണ്‍ മണലാണ് ഇവിടെയുള്ളത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ഗോവിന്ദന്‍ ചെയര്‍മാനായ കണ്ണൂര്‍ ആസ്ഥാനമായ കമ്പനിക്ക് സൗജന്യമായി മണലെടുക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. മുന്‍ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്ടര്‍ മാര്‍ഗം എത്തിയാണ് മണലെടുപ്പിന് ഉത്തരവ് നല്‍കിയത്. ഇതിലൂടെ കണ്ണൂരുകാരായ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും താൽപ്പര്യം വ്യക്തമാണ്. ഈ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളിയിലും സമാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. പ്രളയത്തില്‍ നിന്ന് കുട്ടനാടിനെ രക്ഷിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് കരിമണല്‍ ഖനനത്തിന് ഒത്താശ നല്‍കിയത്. രണ്ട് ലക്ഷം ടണ്‍ മണല്‍ പൊഴിമുഖത്തുനിന്നും കൊണ്ടുപോകാനാണ് കെഎംഎഎല്ലിന് അനുമതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.