പാന്പാടി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കില്ലെന്ന് കോളജ് പ്രിൻസിപ്പലിന്റെ ഉറപ്പ്. പ്രതിഷേധിച്ച നാല് വിദ്യാർത്ഥികളെ പുറത്താക്കാൻ നീക്കം നടന്നിരുന്നു. ഇത് സംബന്ധിച്ച് നാല് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളെ മാനേജ്മെന്റ് വിവരമറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് കോളജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പാന്പാടി നെഹ്റു എൻജിനീയറിങ് കോളജിനോട് ചേർന്നുള്ള ഫാർമസി കോളജിലെ വിദ്യാർത്ഥികളാണ് നാല് പേരും. ഫാംബി, ബിഫാം കോഴ്സുകളിലെ അവസാന വർഷ വിദ്യാർത്ഥികളായ ആഷിക്, അതുൽ, നിഖിൽ, സിജേഷ് എന്നീ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടിയെടുത്തതെന്ന് കോളജിലെ മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു.
എന്നാൽ ഇത്തരത്തിലൊരു കാര്യത്തെ പറ്റി തനിക്കോ, മാനേജ്മെന്റിനോ അദ്ധ്യാപകർക്കോ അറിയില്ലെന്ന് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് പറഞ്ഞു. ക്ലാസ് ഇതുവരെ ആരംഭിച്ചിട്ടില്ല. പിന്നെങ്ങിനെയാണ് ക്ലാസിൽ കയറേണ്ടെന്ന് പറയുക. ഞങ്ങളുടെ വെബ്സൈറ്റ് അടക്കം ഹാക്ക് ചെയ്തതിനാൽ ഒന്നും അറിയിക്കാൻ സാധിക്കുന്നില്ല. നെഹ്റു കോളേജുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലർ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസമായി ഫാർമസി ക്ലാസുകൾ നടക്കുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. നാല് പേരെയും രണ്ട് ദിവസമായി ക്ലാസിന് പുറത്ത് നിർത്തിയിരിക്കുകയാണ്. ക്ലാസിൽ കയറരുതെന്ന് ആവശ്യപ്പെട്ട അധികൃതർ, ഇവരെ പുറത്താക്കാനുള്ള തീരുമാനം രക്ഷിതാക്കളെ വിളിച്ച് അറിയിച്ചതായാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം. ജിഷ്ണു പ്രണോയി മരിച്ചതിനെ തുടർന്ന് ഫാർമസി ക്ലാസുകളിൽ നടന്ന പ്രതിഷേധങ്ങൾക്ക് തുടക്കം മുതൽ നേതൃത്വം നൽകിയത് ഇവർ നാല് പേരുമാണ്.