തൃശ്ശൂർ: ജിഷ്ണുക്കേസിലെ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടി തുടങ്ങി. ഒളിവിൽ പോയ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടാനുള്ള നടപടി പൊലീസ് ആരംഭിച്ചു. ജിഷ്ണുവിന്റെ മരണത്തിനുശേഷം ഇത്രയുംദിവസം പിന്നിട്ടിട്ടും കേസില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ഒളിവില്‍ പോയിരിക്കുന്ന അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് പ്രതികളുടെ സ്വത്ത് കണ്ട് കെട്ടാൻ പൊലീസ് നീക്കം ആരംഭിച്ചത്.

ഇതിനിടെ പ്രതികളെ ഉടന്‍ പിടികൂടാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജിഷ്ണുവിന്റെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. സ്വത്ത് കണ്ട് കെട്ടാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നും ഡിജിപി മാതാപിതാക്കളെ അറിയിച്ചു. ഇതിനേ തുടർന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫിസിന് മുമ്പില്‍ നാളെ മുതല്‍ നടത്താനിരുന്ന നിരാഹാര സമരത്തില്‍ നിന്നും പിന്മാറി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ