തൃശൂര്‍: പൂരത്തിന്റെ ആവേശത്തില്‍ നിന്നും കാഴ്ചക്കാരായി വന്നവരെല്ലാം സന്തോഷത്തോടെ മടങ്ങുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ മടങ്ങുന്നത് വേദനയോടെയാണ്. ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇത്തവണ കനത്ത സുരക്ഷാ നടപടികളാണ് പൂരത്തോട് അനുബന്ധിച്ച് നഗരത്തിൽ ഉണ്ടായിരുന്നത്. ഇതോടെ വലഞ്ഞത് ഭൂതം, ഭാവി, വര്‍ത്തമാനം പറയാന്‍ പൂര നഗരിയിലെത്തിയ കൈ നോട്ടക്കാരാണ്.

സുരക്ഷാ ക്രമീകരണങ്ങളും മറ്റും കാരണം മുന്‍കാലങ്ങളെ അപേക്ഷിച്ച് പല റോഡുകളിലൂടെയും ഉള്ള ഗതാഗതവും കാൽനട യാത്രയും നിരോധിച്ചിരുന്നു. ഇതോടെ ഇത്തരം റോഡുകളിൽ ഭാവി പ്രവചിക്കാൻ ഇരുന്നവർക്ക് വലിയ തിരിച്ചടിയായി. അവരെ തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത അവസ്ഥ.

കൊട്ടാരക്കര, പാലക്കാട്, ആറാട്ടുപുഴ, ഷൊര്‍ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവരാണവര്‍. കൂടുതലും സ്ത്രീകളാണ്. തേക്കിന്‍കാട് മൈതാനത്തിന് പുറത്ത് കിഴക്ക് വശത്തായാണ് ഇവര്‍ ഇരുന്നിരുന്നത്.

കഴിഞ്ഞ 10 വര്‍ഷങ്ങളായി പൂര നാളില്‍ ഫലം പറയാനായി പാലക്കാടു നിന്നും വരുന്നതാണ് ലക്ഷ്മി. മൂന്ന് ദിവസം മുമ്പേ എത്തി സ്ഥലത്ത് തമ്പടിക്കും. തിരികെ പോകുമ്പോള്‍ കുറഞ്ഞത് അയ്യായിരമെങ്കിലും കൈയ്യിലുണ്ടാകും. ഇത്തവണ പൊലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കാണികളെ റോഡില്‍ നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. റോഡിൽ ആളുകൾക്ക് നിൽക്കാൻ സൗകര്യം ഇല്ലാത്തതിനാൽ പലരും കെെനോട്ടം ഉപേക്ഷിച്ചു. ഇതോടെ നിരാശയായാണ് ലക്ഷ്മി മടങ്ങിയത്.

കുടമാറ്റം കഴിഞ്ഞ് രാത്രി എട്ടു മണിയോടെ മൈതാനത്തിനു വടക്കും കിഴക്കുമായി നടപ്പാതയിൽ കൈ നോട്ടക്കാരുടെ എണ്ണം കൂടി. മൂന്നോ നാലോ പുരുഷൻമാർ മാത്രം. നാല്പതിനു മുകളിലുള്ള സ്ത്രീകളാണ് ഭാവി പ്രവചനത്തിനു വന്നിരിക്കുന്നത്.

”പഞ്ചവാദ്യവും കുടമാറ്റവും കഴിഞ്ഞ് കൈ നോക്കാനായി സാധാരണ ആളുകളെത്തും.  പക്ഷെ ഇത്തവണ ഫലമറിയാന്‍ വന്നവര്‍ തീരെ കുറവാണ്,” കുന്നംകുളത്തു നിന്നു വന്ന വേലായുധൻ പറഞ്ഞു.

“പ്രണയത്തിൽ  പെട്ട ചെറുപ്പക്കാരും, വിവാഹം വൈകുന്ന പെൺകുട്ടികളും, വീടു പണയം വച്ചവരും, ഭാര്യയോ, ഭർത്താവോ ഉപേക്ഷിച്ചു പോയവരും, തത്ത ചീട്ട് എടുത്തു ഫലം പറയുന്നതു കേൾക്കാൻ വരാറുണ്ട്. എന്നാല്‍ ഇത്തവണ ഇതൊന്നും ഉണ്ടായില്ല,”  ആറാട്ടുപുഴയില്‍ നിന്ന് വന്ന ദേവകി പറയുന്നു.

പ്രതീക്ഷയോടെ കാത്തിരുന്ന് ഒടുവില്‍ ആരും വരാതെ ആയതോടെ തത്തകളേയും കൂട്ടിലടച്ച് ഇരിക്കേണ്ടി വന്നു. രാവിലെ തങ്ങളുടെ അവസരം നഷ്ടമായതിന്റെ വേദനയോടെയാണ് അവരെല്ലാം മടങ്ങിയതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.