തൊടുപുഴ: ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ അധീനതയിലുള്ള കുട്ടിക്കാനത്തിനു സമീപം പള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്ന് സിഎസ്‌ഐ പള്ളിക്ക് 150 വയസ് തികയുന്നു. ഇടുക്കി ജില്ലയില്‍ തേയിലത്തോട്ട വ്യവസായം തുടങ്ങാനെത്തിയ ബ്രിട്ടീഷുകാര്‍ക്ക് (യൂറോപ്യന്‍ വംശജര്‍ക്ക്) ആരാധനയ്ക്കായി നിര്‍മിച്ചതാണ് പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സിഎസ്‌ഐ പള്ളി. തിരുവിതാംകൂര്‍ രാജവംശം 15.62 ഏക്കര്‍ സ്ഥലം ദേവാലയ നിര്‍മാണത്തിനായി അന്നു കേരളത്തിലെത്തിയ സിഎംഎസ് മിഷനറി ആയിരുന്ന ഹെന്‍ട്രി ബേക്കര്‍ (ജൂനിയര്‍) ന് കൈമാറുകയായിരുന്നു. തുടര്‍ന്ന് 1869-ല്‍ ഹെന്‍ട്രി ബേക്കര്‍ (ജൂനിയര്‍) യൂറോപ്യന്‍ ശൈലിയിലാണ് പള്ളി നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇംഗ്ലണ്ടിന്റെ കാവല്‍പിതാവായ സെയിന്റ് ജോര്‍ജിന്റെ നാമധേയത്തിലാണ് പള്ളി നിര്‍മിച്ചിട്ടുള്ളത്. 150 വര്‍ഷം മുമ്പ് നിര്‍മിച്ച പള്ളി അതേ രൂപത്തില്‍തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നതാണ് ഈ പള്ളിയുടെ മറ്റൊരു പ്രത്യേകത. ഒന്നര നൂറ്റാണ്ട് മുന്‍പ് പള്ളിയില്‍ നിര്‍മിച്ച കാലത്തു സജ്ജീകരിച്ച ഇരിപ്പിടങ്ങളും ഫർണിച്ചറുകളുമാണ് ഇന്നും ദേവാലയത്തില്‍ ഉപയോഗിക്കുന്നത്. ദേവാലയത്തിന്റെ ഭിത്തിക്കുളളില്‍ പഴമയുടെ ശൈലിയില്‍ പിത്തളയില്‍ തീര്‍ത്ത ടാബിലറ്റുകള്‍ കാണാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്ന യൂറോപ്യന്‍മാര്‍ ഇവരോടുളള ആദരസൂചകമായാണ് ഇവ സ്ഥാപിച്ചതെന്ന് അധികൃതര്‍ പറയുന്നു.

പള്ളിക്കുന്ന് സിഎസ്‌ഐ പള്ളിയുടെ മറ്റൊരു പ്രത്യേകതയാണ് ഇംഗ്ലണ്ട്, അയര്‍ലൻഡ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നും 34 വിദേശികളെ സംസ്‌കരിച്ച ബ്രിട്ടീഷ് സെമിത്തേരി. പള്ളിയോടു ചേര്‍ന്നുള്ള രണ്ടേക്കര്‍ സ്ഥലത്താണ് ബ്രിട്ടീഷ് സെമിത്തേരി. മൂന്നാറിലെ (കണ്ണന്‍ദേവന്‍ തേയില തോട്ടം) ഉള്‍പ്പടെ ആരംഭിച്ച ജോണ്‍ ഡാനിയേല്‍ മണ്‍റോയെ സംസ്‌കരിച്ചത് ഈ സെമിത്തേരിയിലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഇപ്പോഴും ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ അധീനതയിലുളള ഈ സ്ഥലത്ത് മറ്റു സഭാ അംഗങ്ങളെ സംസ്‌കരിക്കാന്‍ അനുവാദമില്ല.

ദേവാലയത്തില്‍ സേവനം ചെയ്ത ആദ്യ ഇന്ത്യന്‍ വൈദികന്‍ നല്ലതമ്പിയുടെ മൃതദേഹം മാത്രമാണ് വിദേശികള്‍ക്ക് പുറമേ ഇവിടെ സംസ്‌കരിച്ചിരിക്കുന്നത്. വൈദികരുടേതോ ബിഷപിന്റേത് ആണെങ്കില്‍ പോലും ബ്രിട്ടീഷ് സെമിത്തേരിയില്‍ ബ്രിട്ടീഷുകാരല്ലാത്തവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇപ്പോഴും അനുവാദമില്ലെന്ന് പള്ളി ട്രസ്റ്റിയായ വിജു പി.ചാക്കോ പറയുന്നു.

”തങ്ങളുടെ പൂര്‍വികര്‍ അന്ത്യവിശ്രമം ചെയ്യുന്ന സെമിത്തേരിയും അവര്‍ ആരാധന നടത്തി വന്നിരുന്ന ദേവാലയവും കാണാന്‍ ഇന്നും ആദരവോടെ വിദേശത്തുനിന്നും കുടുംബാംഗങ്ങള്‍ എത്താറുണ്ട്. ഇതോടൊപ്പം കുതിരയ്ക്ക് സെമിത്തേരിയില്‍ ഇടം ലഭിച്ച ഏക പള്ളി കൂടിയായിരിക്കും പള്ളിക്കുന്ന് സിഎസ്‌ഐ പള്ളി. ബ്രിട്ടീഷ് സെമിത്തേരിയില്‍ അടക്കം ചെയ്തിരിക്കുന്നത് അത്യപൂര്‍വ്വങ്ങളില്‍ ഒന്നാണ്. ജെ.ഡി.മണ്‍റോയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ സന്തഹസഹചാരിയായിരുന്ന ഡൗണി എന്ന പെണ്‍കുതിരയെ അദ്ദേഹത്തെ സംസ്‌കരിച്ചിരിക്കുന്നതിന്റെ എതിര്‍വശത്തായി തന്നെ സംസ്‌കരിക്കുകയായിരുന്നു,” വിജു പി.ചാക്കോ പറയുന്നു.

ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സിഎസ്ഐ മുന്‍ മോഡറേറ്റര്‍ ഡോ.കെ.ജെ.ശാമുവേല്‍ പതാക ഉയര്‍ത്തി. ബേക്കര്‍ കുടുംബത്തിന്റെ പ്രതിനിധികളായ എലനോര്‍, നാറ്റ്‌ലി എന്നിവര്‍ ആരാധനയിലും മറ്റു പരിപാടികളിലും പങ്കെടുത്തു. 2020 ഫ്രെബുവരി 10 വരെ നീളുന്നതാണ് പള്ളിയുടെ ജൂബിലി ആഘോഷ പരിപാടികള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ