/indian-express-malayalam/media/media_files/uploads/2017/02/sudhakaran.jpg)
ആലപ്പുഴ: പാലിയേക്കര ദേശീയപാതയിലെ ടോള്‍ വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പാലിയേക്കര ടോള്‍ പിരിവില്‍ വർധന വരുത്തിയതായി പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് മന്ത്രിയുടെ ആവശ്യം. ടോള്‍ പിരിവ് ഏറ്റെടുത്തിട്ടുളള കമ്പനി കരാർ പ്രകാരം പറയുന്ന മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ടോള്‍ നിരക്കു കൂട്ടുന്നതു മാത്രമല്ല കരാര്‍ വ്യവസ്ഥ. ദേശീയപാത നല്ല രീതിയില്‍ പരിപാലിക്കുന്നതിനും, ആവശ്യമായ പണികള്‍ ചെയ്യുന്നതിനും ബാധ്യസ്ഥരാണ്. ഈ ഉത്തരവാദിത്തം കമ്പനി നിറവേറ്റിയില്ലെന്ന് പൊതുജനത്തിന് ശക്തമായ ആക്ഷേപമുണ്ട്. കേരള സര്‍ക്കാര്‍ മുമ്പു മുതല്‍ നടത്തി വന്നിരുന്ന ടോള്‍ പിരിവുകളില്‍ പകുതിയോളം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിര്‍ത്തലാക്കിയിട്ടുണ്ട്. പുതുതായി നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് ടോള്‍ പിരിക്കേണ്ടതില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം.
ടോള്‍ പിരിവ് കരാറെടുക്കുന്ന കമ്പനികള്‍ക്ക് വന്‍ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥകളാണ് ദേശീയപാത അതോറിറ്റി കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇപ്പോള്‍ തന്നെ കരാര്‍ കമ്പനി വന്‍തുക പിരിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമായി പരിശോധിക്കുന്നതിന് യാതൊരു വ്യവസ്ഥയുമില്ല. ഇക്കാര്യങ്ങള്‍ അടിയന്തിരമായി പരിശോധിച്ച്, കരാര്‍ കമ്പനികള്‍ക്ക് വന്‍ലാഭം ഉണ്ടാക്കുന്നവിധം ടോള്‍ നിരക്കു വര്‍ദ്ധിപ്പിക്കുന്ന നടപടി റദ്ദാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.