പാലിയേക്കര: പാതിരാത്രി 11.30ന് കിലോമീറ്റര്‍ നീണ്ട ഗതാഗത കുരുക്ക് രൂപപെട്ടിട്ടും ടോള്‍ഗേറ്റ് തുറന്നു നല്‍കാത്തതിനെതിനെ തുടര്‍ന്ന്, തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ നേരിട്ടെത്തി ടോള്‍ഗേറ്റ് തുറന്നു കൊടുത്തു. ഒപ്പം ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടര്‍ താക്കീതും നല്‍കി.
വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് ജില്ല കലക്ടര്‍മാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു അനുപമ. രാത്രി 11.15ഓടെ പാലിയേക്കര ടോള്‍ പ്ലാസയിലെത്തിയപ്പോള്‍, ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങള്‍ നീണ്ടു കിടക്കുകയായിരുന്നു. ഗതാഗതക്കുരുക്കില്‍ 15 മിനിട്ടോളം കാത്തു നിന്നതിന് ശേഷം 11.30യോടെയാണ് കലക്ടര്‍ ടോള്‍ബൂത്തിനു മുന്നിലെത്തിയത്.
ടോള്‍പ്ലാസ സെന്ററിന് മുന്നില്‍ തന്റെ വാഹനം നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി ബുദ്ധിമുട്ടിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ എല്ലാ വാഹനങ്ങളും കടത്തിവിട്ട ശേഷമാണ് കലക്ടര്‍ മടങ്ങിയത്. പാലിയേക്കര ടോള്‍പ്ലാസ ജീവനക്കാരേയും സുരക്ഷ പൊലീസിനേയും കലക്ടര്‍ ശാസിക്കുകയും ചെയ്തു. ടോള്‍ പ്ലാസ മൂലം വാഹനകുരുക്കുണ്ടാക്കിയാല്‍ നടപടിയുണ്ടാകുമെന്ന് ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തൃശൂരിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് പാലിയേക്കര ടോൾ പ്ലാസ സ്ഥിതി ചെയ്യുന്നത്. കൊള്ള ലാഭം കൊയ്യുന്നു എന്ന ആരോപണത്തിൽ പാലിയേക്കര ടോൾ പ്ലാസ മുമ്പും പല തവണ വിവാദങ്ങളിൽ കുരുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ടോള്‍ പിരിക്കുന്നതു പദ്ധതിരേഖയില്ലാതെയെന്നു വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. വിവരാവകാശ നിയമപ്രകാരം ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ നല്‍കിയ പിരിവിന്റെ വിവരമനുസരിച്ചാണു കണക്കുകള്‍ അനുസരിച്ച് ദേശീയ പാതയുടെ നിർമ്മാണ ചെലവിന്റെ ആറ് മടങ്ങായിരിക്കും കാലാവധി തീരുമ്പോളേക്കും ടോൾ കമ്പനികൾ പിരിച്ചെടുക്കുക. കരാര്‍ പ്രകാരം 2028 ജൂണ്‍ 21 വരെയാണു ടോള്‍ പിരിക്കാന്‍ അനുമതി.