തൃശ്ശൂർ: ഏറെ വിവാദമായ പാലിയേക്കര ടോൾ പ്ലാസയുമായി ബന്ധപ്പെട്ട സമാന്തര പാത തുറന്നു. സർക്കാരിന്റെ നിർദ്ദേശത്തോടെ ഒല്ലൂർ എംഎൽഎയും തൃശ്ശൂർ ജില്ല കളക്ടറും നേതൃത്വം നൽകിയാണ് പാലിയേക്കരയിൽ ടോൾ കന്പനി ഉയർത്തിയ മതിൽ പൊളിച്ചത്.

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപമാണ് സമാന്തര പാതയിലേക്കുള്ള പ്രവേശന ഭാഗം. സർക്കാരിൽനിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ഈ പാത ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

2016 ഒക്ടോബറിലാണ് ടോൾ കമ്പനി സമാന്തരപാതയിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് മതിൽ പണിഞ്ഞത്. ടോൾ കമ്പനിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്നെങ്കിലും ഒരു വർഷം സമയമെടുത്താണ് മതിൽ പൊളിച്ചത്.

ഇതോടെ സമാന്തര റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ വീതി 2.6 മീറ്ററായി. ഇരുചക്രവാഹനങ്ങൾക്കു മാത്രം പ്രവേശിക്കാൻ സാധിക്കുമായിരുന്ന പാതയിൽ ഇനി മുതൽ കാറുൾപ്പടെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാനാവും. ടോൾ നൽകാതെ തന്നെ ഇനി മുതൽ ഈ വഴി യാത്ര തുടരാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ