തൃശൂര്‍: ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോൾ പിരിവിലൂടെ നിര്‍മ്മാണ കമ്പനി കോടികള്‍ കൊയ്യുന്നതായി റിപ്പോര്‍ട്ടുകൾ. പാത നിര്‍മിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി 65 ശതമാനം ചെലവ് തുക ടോളിലൂടെ പിരിച്ചെടുത്തു. 2028 വരെ ഈ പാതയില്‍ ടോള്‍ പിരിക്കനുള്ള അനുമതി കമ്പനിക്കുണെന്നും മാതൃഭൂമി ന്യൂസ് റിപ്പോട്ട് ചെയ്യുന്നു.

ആകെ 721.17 കോടി രൂപയാണ് പാതയുടെ നിര്‍മ്മാണത്തിനായി കമ്പനി ചെലവഴിച്ചത്. 2012 സെപ്തംബര്‍ 9 മുതല്‍ 2017 ഏപ്രില്‍ 30 വരെ 454.89 കോടി രൂപ ഇതിനോടകം തന്നെ കമ്പനി ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ കരാര്‍ പ്രകാരം 2028 വരെ ടോള്‍ പിരിക്കാന്‍ കമ്പനിക്ക് സാധിക്കും. അഞ്ചുവര്‍ഷം കൊണ്ട് 65 ശതമാനം പിരിച്ചെടുത്ത കമ്പനി ടോള്‍ തുടരുന്നതിലൂടെ കൊള്ളലാഭമാണ് കൊയ്യുന്നതെന്ന് ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ബാക്കിയുള്ള 35 ശതമാനം തുക പിരിക്കാന്‍ ഇനി 11 വര്‍ഷം കമ്പനിക്ക് ബാക്കിയുണ്ടെന്നിരിക്കെ കരാര്‍ റീ സര്‍വ്വെ നടത്തി പുതുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

2012ല്‍ കരാര്‍ നല്‍കുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു ടോള്‍പ്ലാസ വഴി കടന്നപോയിരുന്നത്. ഇന്ന് ഏകദേശം 24000 വാഹനങ്ങളായി ഇത് ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. ഈ ആനുപാതിക കണക്കുകള്‍ നോക്കുമ്പോള്‍ 2028 ആകുമ്പോഴേക്കും 2500-3000 കോടി രൂപ കമ്പനിക്ക് പിരിച്ചെടുക്കാനാകും.
വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ടോള്‍ നിരക്ക് കുറക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ