Latest News

സാന്താക്ലോസിന്റെ വസ്ത്രം ഇട്ടാല്‍ തകരുന്നതാവരുത് നമ്മുടെ ഈമാനും ഇസ്ലാമും: പാളയം ഇമാം

ക്രിസ്മസ് ആഘോഷ പരിപാടിയിൽ പാളയം ഇമാം സാന്താക്ലോസിന്റെ വേഷം അണിഞ്ഞതിനെതിരെ വിദ്വേഷ പ്രചരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ പാളയം ഇമാം വി.പി ഷുഹൈബ് മൗലവി സാന്താക്ലോസിന്റെ വേഷം അണിഞ്ഞതിനെതിരെ വിദ്വേഷ പ്രചരണം. പാളയം ഇമാമിനെ നീക്കം ചെയ്യണമെന്നും തീവ്ര നിലപാടുകാര്‍ പ്രചരിപ്പിച്ചു. ഇതിനെതിരെ ഷുഹൈബ് മൗലവി തന്നെ രംഗത്തെത്തിയിട്ടുണ്ട്. സഹോദര സമുദായങ്ങളുടെ പരിപാടിയില്‍ ബഹുദൈവത്വ പരമായ ചടങ്ങുകളുണ്ടെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കാനുള്ള ജാഗ്രതയോടെ അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാമെന്നതാണ് നമ്മുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

ഏതായാലും നജ്റാനിൽ നിന്ന് ക്രൈസ്തവ പുരോഹിതന്മാർ മസ്ജിദുന്ന ബവിയിൽ വന്നപ്പോൾ അവർക്ക് ക്രൈസ്തവ രീതിയനുസരിച്ച് ആരാധന നിർവ്വഹിക്കാൻ മുഹമ്മദ് നബി പളളിയില്‍ സൗകര്യം ഒരുക്കി കൊടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദര സമുദായങ്ങൾ മുസ്ലിംങ്ങളുടെ കൂടെ ഈദിലും ഇഫ്താറിലുമെല്ലാം പങ്കെടുക്കുന്നതും അദ്ദേഹം ശ്രദ്ധയില്‍ പെടുത്തുന്നു.

വി.പി ഷുഹൈബ് മൗലവിയുടെ പ്രസ്താവന:

തീവ്രനിലപാട് കാരോട് സ്നേഹപൂർവ്വം :-
ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് അനന്തപുരിയിൽ നടന്ന ഒരു ക്രസ്മസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്ന ഒരു പോസ്റ്റ് വായിച്ചത്.മൊബൈലിലെ ഉള്ള സൗകര്യം പ്രയോജനപ്പെടുത്തി ഒരു കൊച്ചു പ്രതികരണം എഴുതട്ടെ!

സഹോദര സമുദായങ്ങളുടെ ആഘോഷങ്ങളിൽ മുസ് ലിങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായമുണ്ടെങ്കിലും ബഹുദൈവത്വ പരമായ ചടങ്ങുകളുണ്ടെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കാനുള്ള ജാഗ്രതയോടെ അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാമെന്നതാണ് നമ്മുടെ നിലപാട്. അതിന്റെ ഇസ് ലാമിക വിശദീകരണം നാം ഖുത്ബകളിലടക്കം പല സന്ദർഭങ്ങളിലും നാം പങ്ക് വെച്ചതാണ്. ഇനിയും ചർച്ചകൾ ആകാവുന്നതുമാണ് . ഇപ്പോൾ അത്തരം കാര്യങ്ങളിലേക്കൊന്നും പോകുന്നില്ല. ഏതായാലും നജ്റാനിൽ നിന്ന് ക്രൈസ്തവ പുരോഹിതന്മാർ മസ്ജിദുന്ന ബവിയിൽ വന്നപ്പോൾ അവർക്ക് ക്രൈസ്തവ രീതിയനുസരിച്ച് ആരാധന നിർവ്വഹിക്കാൻ റസൂൽ(സ) പള്ളിയിൽ തന്നെ സൗകര്യമൊരുക്കി എന്ന ചരിത്രമൊന്നും മറക്കേണ്ട. ക്രസ്മസ് ആഘോഷത്തിൽ പാളയം ഇമാമിന്റെ പങ്കാളിത്തം ഒരു പുത്തിരി അല്ല. എല്ലാ വർഷങ്ങളിലും വിവിധ വേദികൾ സംഘടിപ്പിക്കാറു ള്ള പരിപാടികളിൽ കൂടാറുണ്ട്. ഈയുള്ളവൻ മാത്രമല്ല മുൻ കഴിഞ്ഞ വരും.

ക്രസ്മസ് മാത്രമല്ല ഓണവുംഈദും ഇഫ്താറുകളു മെല്ലാം നാം ജാതി മത – കക്ഷി രാഷ്ട്രീയ വ്യത്യാസമന്യേ ആണ് ആഘോഷിക്കാറുള്ളത്. പാളയം ജമാഅത്തും മത രാഷ്ട്രീയ സാംസ്കാരിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ ഈദ്ഗാഹിൽ സഹോദര സമുദായങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളടക്കം പലരും പങ്കെടുക്കാറുമുള്ളത് എല്ലാവർക്കുമറിയാവുന്നതുമാണ്. മേൽ പറഞ്ഞ ക്രസ്മസ് ആഘോഷവും തിരുവനന്തപുരത്തിന് ഒരു പുതിയ കാര്യമല്ല. ഇതിലേക്കെല്ലാം അതത് കാലഘട്ടങ്ങളിലെ പാളയം ഇമാമുമാരെ ക്ഷണിക്കാറുമുണ്ട്. ഈ ആഘോഷൾങ്ങളിലുള്ള പങ്കാളിത്തം വിശ്വാസങ്ങളെ ഉൾകൊള്ളലായി ആരും മനസ്സിലാക്കുന്നില്ല. സഹോദര സമുദായങ്ങൾ നമ്മുടെ കൂടെ ഈദിലും ഇഫ്താറിലുമെല്ലാം പങ്ക് ചേരുമ്പോൾ ഇതിന്റെ പിന്നിലുള്ള ചരിത്ര യാഥാർത്ഥ്യങ്ങളെയെല്ലാം അവർ അംഗീകരിക്കുന്നു എന്നാണോ പോസ്റ്റിട്ടയാൾ മനസ്സിലാക്കുന്നത്. ഇത്തരം പരിപാടികളെല്ലാം ബുദ്ധിയുള്ള മുഴുവൻ മനുഷ്യരും സാംസ്കാരിക പ്രവർത്തനമായാണ് കാണുന്നത്. പിന്നെ ഓണത്തിന് പൂക്കളവും ക്രിസ്മസിന് കേക്കുമുണ്ടാവും. അവിടെ പോത്തിറച്ചി വിളമ്പണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. തീവ്രനിലപാടുകാർ ചിലപ്പോൾ അങ്ങിനെയും പറഞ്ഞേക്കും.

സാന്താക്ലോസ് ക ളുടെ ഒരു ഘോഷയാത്ര സമാപിക്കുന്ന ഒരു വേദിയിൽ ഒരാൾ എത്തിയാൽ മുട്ടുകാലൻ കന്തൂറ നൽകില്ലല്ലേ. അവിടെ വന്ന മന്ത്രിമാർ, MLA മാർ ,ഹിന്ദു സന്യാസിമാർ എല്ലാവരും പൂർണ്ണമായും സാന്താക്ലോസിന്റെ കുപ്പായമിട്ടപ്പോൾ നാം നേരം വെളുത്ത് കണ്ണ് തുറന്ന് നോക്കിയാൽ കാണുന്ന നമ്മുടെ സുഹൃത്ത് കളായ വൈദികരുടെ അഭ്യർത്ഥന മാനിച്ച് ഒരു ഇമാം ഒരു ചുവന്ന കുപ്പായമിടുമ്പോഴേക്ക് തകർന്ന് പോകുന്നതാവരുത് നമ്മുടെ ഇമാനും ഇസ്ലാമും . പിന്നെ പോസ്റ്റിട്ടയാൾ എന്നെ ഏതോ ഒരു സംഘടനയുടെ നേതാവാക്കുന്നത് കണ്ടു. ഞാൻ അത്ര വലിയ സംഭവമൊന്നുമില്ല. ജീവിതത്തിലിന്നു വരെ ഒരു സംഘടനയുടെയും പ്രാദേശിക നേതാവ് പോലുമായിട്ടില്ല. സംഘടനകളെ അവരുടെ വഴിക്ക് വിടുക.

വലിയ പണ്ഡിതനല്ലെങ്കിലും അല്ലാഹുവിന്റെ ദീനിന് വേണ്ടി ഇഖ്ലാസോടെ പ്രവർത്തിക്കുന്ന എല്ലാവരെയും അകമഴിഞ്ഞ് സ്നേഹിക്കാനുള്ള വിശാലത ഈ ഹൃദയത്തിനല്ലാഹു നൽകിയിരിക്കുന്നു. പക്ഷെ സങ്കുചിതവും തീവ്രവുമായ നിലപാട് കൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വിട്ട് വീഴ്ച ചെയ്യാതെ മുഖം നോക്കാതെ കൊടിയുടെ നിറം നോക്കാതെ നിലപാടെടുക്കും. പോസ്റ്റിട്ടയാൾ മതേതരത്വത്തെ കപട മതേതരത്വം എന്ന് വിളിക്കുന്നത് കണ്ടു. അദ്ദേഹം മതേതരത്വത്തിന്റെ എതിരാളി മാത്രമല്ല, മനുഷ്യരെ തമ്മിൽ അകറ്റുന്ന പ്രത്യയശാസ്ത്രത്തെ മുന്നോട്ട് വെക്കുന്ന ഇദ്ദേഹം മാനവികതയുടെ ശത്രു ആണ്.

വി.പി സുഹൈബ് മൗലവി
പാളയം ഇമാം
തിരുവനന്തപുരം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palayam imam slams against hatred posts against christmas celebrations

Next Story
നേവൽ ബേസിൽ അപകടം നടന്നത് രാജ്യത്തെ ഏറ്റവും പഴയ നേവൽ എയർ സ്റ്റേഷനിൽnavy personnel killed, കൊച്ചി നാവിക സേന, ഐഎൻഎസ് ഗരുഡ, നേവൽ ബേസ്, അപകടം, ഹങ്കറിന്റെ വാതിൽ, navy personnel killed in accident, kochi naval base accident, kochi navy accident, kochi sailors killed in accident, kochi news
The moderation of comments is automated and not cleared manually by malayalam.indianexpress.com