കൊച്ചി:പാലത്തായി പീഡനക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയിൽ. വിചാരണക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദമാണ് ഇവർ ഉയർത്തുന്നത്
ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയതെന്ന് ഹർജിയിൽ പറയുന്നു. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തത് കൊണ്ട് തന്നെ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല. പോക്സോ കുറവ് ചെയ്തു കൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പട്ടു ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണ് .
പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണെന്നും സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വെച്ച് കേസിന്റെ വിചാരണ നടത്തേണ്ടതുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. കുറ്റപത്രത്തിൽ പോക്സോ വകുപ്പുകൾ ചേർക്കണമെന്നാവശ്യപെട്ട് ഇരയുടെ മാതാവ് തലശേരി പോക്സോ കോടതിയെ സമീപിച്ചിരുന്നു. പോക്സോ കോടതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
പോക്സോ അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ബാക്കി നില്‍ക്കേ പ്രതിക്ക് ജാമ്യം നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ഇരയുടെ കുടുംബത്തിന്റെ വാദം.പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അന്വേഷണച്ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.