കൊച്ചി: പാലത്തായി പീഡനകേസിലെ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹർജി ഹൈക്കോടതി തള്ളി. പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. അധ്യാപകനും ബിജെപി നേതാവും പത്മരാജന് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ തള്ളിയത്.
പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗനിർദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു.
പെൺകുട്ടിയെ കേൾക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച തലശേരി പോക്സോ കോടതി നടപടി നിയമ വിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടിയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം.
ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ഈ സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി വിചാരണയ്ക്കാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Read More: പന്തീരാങ്കാവ് യുഎപിഎ: അലന്റേയും താഹയുടേയും ജാമ്യ ഹർജിയിൽ വിധി ഇന്ന്
പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഹർജിയിൽ ക്രൈം ബ്രാഞ്ച് നിലപാട് ഏറെ ചർച്ചയായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ അവ്യക്തത ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. പെൺകുട്ടിക്ക് നുണ പറയുന്ന സ്വഭാവമുണ്ടന്നും മൊഴി എടുക്കാനായിട്ടില്ലന്നും പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായതിനാൽ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താൻ വിദഗ്ധരായ മനശാസ്ത്രജ്ഞരുടെ സഹായം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പത്മരാജന് ഹൈക്കോടതി ജാമ്യം നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിൽ അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയായിരുന്നു അന്വേഷണ സംഘം വിപുലമാക്കിയത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, കണ്ണൂര്‍ നാര്‍കോട്ടിക്സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവര്‍ സംഘത്തിന്റെ ഭാഗമായി.