കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ഇബ്രാംഹിംകുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള വിജിലൻസ് നടപടി. ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച് അന്വേഷണസംഘം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ഇക്കാര്യം അന്വേഷണ സംഘം നേരത്തെ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ പുരോഗതി മാർച്ച് മൂന്നിനകം അറിയിക്കാനാണ് വിജിലൻസിനും എൻഫോഴ്സ്‌മെന്റിനും ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം കൃത്യമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് ആലോചിക്കുന്നുണ്ട്. മുൻ മന്ത്രിക്കെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെയും കരാറുകാരുടേയും മൊഴി അന്വേഷണസംഘത്തിന് മുന്നിലുണ്ട്. അതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.
നേരത്തെ 2019 ഓഗസ്റ്റിലും ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജും വെളിപ്പെടുത്തിയിരുന്നു.
കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.