കൊച്ചി: പുതുക്കി പണിത പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധന ആരംഭിച്ചു. മാര്‍ച്ച് നാലാം തീയതിയോടുകൂടി പരിശോധന പൂര്‍ത്തിയാക്കും. പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുളള അവസാനവട്ട ഭാരപരിശോധനകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
പാലത്തിന് ഏതെങ്കിലും തരത്തില്‍ ബലക്ഷയമുണ്ടോ, വാഹനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടോ എന്നത് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഭാരപരിശോധന നടത്തുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാലം തുറന്നുകൊടുക്കാനാവൂ. രണ്ട് സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി നിർത്തി പാലത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിക്കും. അനുവദനീയമായ പരിധിക്കുള്ളിലാണു വ്യതിയാനങ്ങളെങ്കിൽ ഭാര പരിശോധന തൃപ്തികരമാകും. മാർച്ച് നാലോടെ ഭാര പരിശോധനാ റിപ്പോർട്ട് ലഭിക്കും.
19 സ്പാനുകളാണ് പാലാരിവട്ടം മേല്പാലത്തില് ഉണ്ടായിരുന്നത്. ഇതില്‍ 17 എണ്ണവും പൊളിച്ചു പണിയേണ്ടി വന്ന സാഹചര്യമായിരുന്നു. നിലവില്‍ നാലുവാഹനങ്ങളാണ് ഭാരപരിശോധനയ്ക്കായി ഉപയോഗിക്കുന്നത്.
Read Also: സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനം, കോൺഗ്രസിന് അഭിമാന പോരാട്ടം, ശക്തി തെളിയിക്കാൻ ബിജെപി
30 ടണ്‍ വീതം ഭാഗമുളള രണ്ടുലോറികള്‍ പാലത്തിന്റെ ഒരു ഭാഗത്തും 25 ടണ്‍ ഭാരമുളള രണ്ടുലോറികള്‍ പാലത്തിന്റെ മറുഭാഗത്തും നിര്‍ത്തിയാണ് പരിശോധന നടത്തുന്നത്. കുറച്ചു കഴിയുമ്പോള്‍ വാഹനങ്ങളുടെ എണ്ണം ആറാക്കി മാറ്റും. ഇത്തരത്തില്‍ ഭാരം കൂട്ടിക്കൂട്ടിയാണ് പരിശോധന പൂര്‍ത്തിയാക്കുക. ഇപ്രകാരം 220 ടണ്‍ പാലത്തില്‍ കയറ്റുകയും ഇറക്കുകയും ചെയ്യും.
ഭാരപരിശോധന പൂർത്തിയാക്കിയാൽ ഡിഎംആര്‍സി ഈ പാലം സംസ്ഥാന സര്‍ക്കാരിന് കൈമാറും. പിന്നീട് പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ മേൽപ്പാലം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ തുറന്നുകൊടുക്കാനാണ് സാധ്യത.
അവസാനവട്ട പണികൾ തീർത്തു മാർച്ച് അഞ്ചിന് പാലം കൈമാറിയാൽ അടുത്ത ദിവസം തന്നെ ഉദ്ഘാടനം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. എന്നാൽ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ പ്രത്യേക അനുമതി വാങ്ങി പാലം ഗതാഗതത്തിനു തുറക്കാനുള്ള സാധ്യതയാണു പൊതുമരാമത്ത് വകുപ്പ് ആരായുന്നത്.