കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയും ജാമ്യാപേക്ഷയും തമ്മിൽ ബന്ധമില്ലെന്ന് ഹൈക്കോടതി. അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ഭാരപരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണെന്നും അനുമതിയില്ലാതെ പൊളിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങളിൽ മാറ്റമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സൂരജ് രണ്ടാമതും കോടതിയെ സമീപിച്ചത്. സാഹചര്യങ്ങളിൽ എന്തു മാറ്റമാണുള്ളതെന്ന് ആരാഞ്ഞ കോടതി ഭാരപരിശോധനയുമായി ജാമ്യാപേക്ഷയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി.

പ്രതി 45 ദിവസമായി ജയിലിലാണെന്നും ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും സൂരജ് ആവശ്യപ്പെട്ടെങ്കിലും വിജിലൻസ് എതിർത്തു. മറ്റ് പ്രതികളും ജയിലിലാണെന്നു വിജിലൻസ് ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ 22 ലേക്ക് മാറ്റി.

Read More: പാലാരിവട്ടം പാലം പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് സംഘം വിപുലീകരിച്ചതായും മുൻകൂർ പണം നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായും വിജിലൻസ് അറിയിച്ചു. സൂരജിന്റെ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കോടതി വിജിലൻസിന് നിർദേശം നൽകി.

പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭാര പരിശോധന നടത്താതെയാണ് പാലം പൊളിക്കാൻ സർക്കാർ തീരുമാനമെടുത്തതെന്നും പരിശോധന നടത്താതെയുള്ള സർക്കാർ നടപടി അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി സ്ട്രക്ചറൽ എൻജിനീയേഴ്സ് അസോസിയേഷൻ അടക്കം സമർപ്പിച്ച മൂന്നു ഹർജികൾ പരിഗണിച്ചായിരുന്നു ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഇനി ഒരുത്തരവ് ഉണ്ടാവുന്നതു വരെ പാലം പൊളിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പാലത്തിന്റെ ഭാരപരിശോധന മുംബൈ ഐഐടി യെക്കൊണ്ട് നടത്തിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനായിരുന്നു കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ചെന്നൈ ഐഐടി, പിഡബ്ല്യുഡി, ഇ.ശ്രീധരൻ എന്നിവർ പാലത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇത് കണക്കിലെടുക്കാതെയും ഭാരപരിശോധന നടത്താതെയുമാണ് പാലം പൊളിക്കാൻ സർക്കാർ നീക്കമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.